തിരുവനന്തപുരം: ഭാര്യയുടെ പേരിലുള്ള ഭൂമി വിൽക്കാൻ പ്രവാസിയായ ഉമർ ഷെരീഫിൽ നിന്ന് വാങ്ങിയ 30ലക്ഷം അഡ്വാൻസ് തുകയും അതിന്റെ പലിശയും നൽകി തിരുവനന്തപുരം രണ്ടാം സബ് കോടതിയിലെ കേസ് ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് തീർപ്പാക്കി.
അഡ്വാൻസ് തിരിച്ച് നൽകാത്തതിനെ തുടർന്ന് ഡി.ജി.പിയുടെ ഭൂമി ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. ഈ തുക കോടതിയിൽ കെട്ടിവച്ചാലേ ഭൂമി കൈമാറ്റം ചെയ്യാനാവുമായിരുന്നുള്ളൂ. നൽകിയ പണവും പലിശയും തിരിച്ചു കിട്ടിയതിനാൽ കേസ് അവസാനിപ്പിക്കാൻ അനുവദിക്കണമെന്ന് കാട്ടി ഉമർ ഷെരീഫ് ഇന്നലെ കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഹർജി തീർപ്പാക്കിയതായി കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
ഡി.ജി.പിയുടെയും ഭാര്യ ഫരീദാ ഫാത്തിമയുടെയും പേരിൽ പേരൂർക്കട മണികണ്‌ഠേശ്വരത്തുള്ള 10.800 സെന്റ് വസ്തു 74 ലക്ഷം രൂപയ്‌ക്ക് വാങ്ങുന്നതിന് ഉമർ കരാർ ഒപ്പിട്ടിരുന്നു. കരാർ ദിവസം ഉമർ 15 ലക്ഷം രൂപയും രണ്ട് ദിവസം കഴിഞ്ഞ് 10 ലക്ഷവും നൽകി. ഒരാഴ്ച കഴിഞ്ഞ് ഡി.ജി.പിയുടെ ഓഫീസിലെത്തി അഞ്ച് ലക്ഷവും നൽകി. 30 ലക്ഷം കൈപ്പറ്റിയെന്ന് അന്നുതന്നെ ഡി.ജി.പി കരാർ പത്രത്തിന് പിന്നിൽ എഴുതി നൽകി.
ബാദ്ധ്യതകളില്ലെന്നു പറഞ്ഞാണ് ഉമറിൽ നിന്ന് പണം വാങ്ങിയത്. വീണ്ടും 25 ലക്ഷം ആവശ്യപ്പെട്ടപ്പോൾ പ്രമാണം കാണണമെന്ന് ഉമർ ആവശ്യപ്പെട്ടു. അന്വേഷണത്തിൽ ഭൂമി എസ്.ബി.ഐ ആൽത്തറ ശാഖയിൽ 26 ലക്ഷത്തിന് പണയപ്പെടുത്തിയെന്ന് മനസിലായി. തുടർന്ന് 30 ലക്ഷം മടക്കി വേണമെന്നാവശ്യപ്പെട്ട് ഉമർ വക്കീൽ നോട്ടീസയച്ചെങ്കിലും വസ്തു നൽകാമെന്നായിരുന്നു മറുപടി. ഇതിനിടെ ഭൂമി മറിച്ചുവിൽക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് ഉമർ കോടതിയെ സമീപിച്ചത്. ഡി.ജി.പിക്കെതിരായ പരാതിയിൽ ആഭ്യന്തര വകുപ്പ് അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് പണം തിരികെ നൽകി കേസൊതുക്കിയത്.