ഇനിയും 20 വർഷം ഭരിക്കുമെന്ന് മോദി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

അടുത്ത 20 വർഷവും എൻ.ഡി.എ സർക്കാർ ഇന്ത്യ ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനഹിതം അംഗീകരിക്കാന്‍ ചിലര്‍ ഇപ്പോഴും തയാറായിട്ടില്ലെന്നും നന്ദിപ്രമേയത്തിനുള്ള രാജ്യസഭയിലെ മറുപടി പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. സത്യം പറയുന്നത് കേള്‍ക്കാനുള്ള മനസുപോലും പ്രതിപക്ഷത്തിനില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷം സഭയെ അപമാനിക്കുകയാണെന്ന് രാജ്യസഭാ സ്പീക്കർ ജഗദീപ് ധൻകർ പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷം രാജ്യം ഭരിച്ചുവെന്നും വരുന്ന അഞ്ച് വർഷം കൊണ്ട് ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പോരാട്ടമായിരിക്കുമെന്നും മോദി രാജ്യസഭയിൽ പറഞ്ഞു. മൂന്നാം തവണയും ജനങ്ങൾ എൻ.ഡി.എ സർക്കാരിനെ അധികാരത്തിലേറ്റി. 60 വർഷത്തിന് ശേഷമാണ് ഈ നേട്ടമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിഷേധം അവ​ഗണിച്ച് പ്രധാനമന്ത്രി പ്രസം​ഗം തുടർന്നു. മോദി കള്ളം പറയുന്നത് നിർത്തണമെന്നും പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

കഴിഞ്ഞ ദിവസം ലോക്സഭയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് രണ്ട് മണിക്കൂറിലേറെ സമയമെടുത്തായിരുന്നു മോദി മറുപടി പറഞ്ഞത്. സഭയിൽ ശക്തമായ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. ഇന്ന് രാജ്യസഭയും പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു.

ഇതൊരു മൂന്നിലൊന്ന് സർക്കാരായിരിക്കുമെന്ന് പറഞ്ഞ കോൺഗ്രസ് സുഹൃത്തുക്കൾക്ക് നന്ദി. അവർ പറഞ്ഞത് ശരിയാണ്. സർക്കാർ രൂപീകരിച്ച് പത്ത് വർഷമായി. ഇനി ഒരു 20 വർഷം കൂടി സർക്കാർ വരും. അത് സത്യമായിരിക്കുമെന്നാണ് താൻ കരുതുന്നത്- മോദി പറഞ്ഞു.

പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കൂ എന്നാവശ്യപ്പെട്ട് മോദിയുടെ സംസാര സമയത്ത് പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം ഉയർത്തി. കള്ളം പറയുന്നത് നിർത്തൂ, രാജ്യസഭ നിർത്തിവെക്കൂ എന്നും പ്രതിപക്ഷ ഭാഗത്ത് നിന്ന് മുദ്രാവാക്യമുയർന്നു. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോരുകയായിരുന്നു.

വികസിത ഭാരതവും ആത്മനിർഭർ ഭാരതും രാജ്യം തിരിച്ചറിഞ്ഞു. മൂന്നാമതും ജനം അധികാരത്തിലേറ്റി. കഴിഞ്ഞ പത്ത് വർഷം എൻഡിഎ സർക്കാരിന്റേത് ലഘുതുടക്കമായിരുന്നു. സർക്കാരിന്റെ സുപ്രധാന കാര്യങ്ങൾ ഇനി വരാനിരിക്കുന്നതേയുള്ളൂ- മോദി പറഞ്ഞു. ഭരണഘടനയുടെ കാരണത്താലാണ് താൻ ഇന്ന് ഇവിടെ നിൽക്കുന്നതെന്ന് പറഞ്ഞ മോദി, അടുത്ത 20 വർഷവും തങ്ങളുടേതായിരിക്കുമെന്നും രാജ്യസഭയിൽ കൂട്ടിച്ചേർത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments