Malayalam Media LIve

ജനവും പാർട്ടിയും തള്ളികളഞ്ഞു!! എന്നിട്ടും മുഖ്യമന്ത്രി പറയുന്നു ” ജനാധിപത്യ ഭരണ നിർവ്വഹണചരിത്രത്തിലെ അത്യപൂർവ്വ അദ്ധ്യായമാണ് നവകേരള സദസ്സ്”

നവകേരള സദസ് ജനാധിപത്യ ഭരണ നിർവ്വഹണ ചരിത്രത്തിലെ അത്യപൂർവ്വ അദ്ധ്യായമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് എം.എൽ.എമാരുടെ നിയമസഭ ചോദ്യത്തിന് നവ കേരള സദസിനെ കുറിച്ച് മുഖ്യമന്ത്രി മറുപടി പറഞ്ഞത് ഇങ്ങനെ

“മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുഴുവൻ മന്ത്രിമാരും എല്ലാ നിയമസഭ മണ്ഡലങ്ങളിലും ഇതിൻ്റെ ഭാഗമായി പര്യടനം നടത്തി. നിയോജക മണ്ഡല അടിസ്ഥാനത്തിൽ സംഘടിപ്പിച്ച പ്രഭാത യോഗങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സമസ്ത മേഖലകളിലേയും പ്രമുഖരുമായി ആശയവിനിമയം നടത്തി.

സ്വാതന്ത്ര സമര സേനാനികളും സാഹിത്യ നായകൻമാരും കർഷകരും കലാകായിക താരങ്ങളും തൊഴിലാളികളും നീയമജ്ഞരും തദ്ദേശ ജനപ്രതിനിധികളും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വച്ചു. ജനങ്ങളുടെ വിവിധങ്ങളായ നിർദ്ദേശങ്ങളും നിവേദങ്ങളും സ്വികരിക്കുന്നതിനും സദസ്സ് വേദിയായി.

നാടിൻ്റെ ആവശ്യങ്ങളും സർക്കാർ അഭിമുഖികരിക്കുന്ന പ്രശ്നങ്ങളുമെല്ലാം ചർച്ച ചെയ്യുന്നതിനുള്ള വേദി കൂടിയായിരുന്നു ഈ പരിപാടി. ഇതിലൂടെ ജനാധിപത്യ ഭരണ നിർവഹണ ചരിത്രത്തിലെ അത്യപൂർവ്വ അധ്യായമായി നവ കേരള സദസ് മാറി”.

നവകേരള സദസ് ലോകസഭ പരാജയത്തിന് വഴി വച്ചു എന്ന വിമർശനങ്ങളാണ് സിപിഎമ്മിൽ ഉയർന്നത്. മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ളവരുടെ ആക്രമണവും കോടികൾ മുടക്കിയ നവകേരള ബസും നവകേരള സദസിനെ വികലമാക്കി. ജനവും പാർട്ടിയും തള്ളി കളഞ്ഞ നവ കേരള സദസിനെ പിണറായി തള്ളി കളഞ്ഞില്ല എന്ന് നിയമസഭ മറുപടിയിൽ നിന്ന് വ്യക്തം.

Leave a Reply

Your email address will not be published. Required fields are marked *