
ഡ്രോൺ ഭീഷണിയെ ചെറുക്കാൻ ഇന്ത്യ; 36,000 കോടിയുടെ QRSAM മിസൈൽ പ്രതിരോധ കവചം
ന്യൂഡൽഹി: ഡ്രോൺ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള പുതിയ കാലത്തെ വ്യോമ ഭീഷണികളെ നേരിടാൻ ഇന്ത്യൻ പ്രതിരോധ രംഗത്ത് നിർണായക ചുവടുവെപ്പ്. തദ്ദേശീയമായി വികസിപ്പിച്ച ക്വിക്ക് റിയാക്ഷൻ സർഫസ്-ടു-എയർ മിസൈൽ (QRSAM) സംവിധാനങ്ങൾ വാങ്ങുന്നതിനായി 36,000 കോടി രൂപയുടെ ബൃഹത്തായ പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. താഴ്ന്നു പറക്കുന്ന ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ, യുദ്ധവിമാനങ്ങൾ എന്നിവയെ തത്സമയം കണ്ടെത്തി തകർക്കാൻ ശേഷിയുള്ള മൂന്ന് റെജിമെന്റ് QRSAM സംവിധാനങ്ങളാണ് കരസേനയുടെ ഭാഗമാകുന്നത്.
‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിയുടെ സമയത്ത്, പാകിസ്താൻ തുർക്കി നിർമ്മിത ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളെ ഇന്ത്യയുടെ ആകാശ്, എസ്-400 പോലുള്ള പ്രതിരോധ സംവിധാനങ്ങൾ 99 ശതമാനവും വിജയകരമായി പ്രതിരോധിച്ചിരുന്നു. എന്നാൽ, ഡ്രോണുകളെപ്പോലുള്ള ചെറിയ, താഴ്ന്നുപറക്കുന്ന ലക്ഷ്യങ്ങളെ നേരിടാൻ കൂടുതൽ പ്രത്യേക സംവിധാനങ്ങൾ വേണമെന്ന തിരിച്ചറിവാണ് QRSAM-ന്റെ സംഭരണത്തിന് വേഗം കൂട്ടിയത്.
എന്താണ് QRSAM?
ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ച, ഏത് ഭൂപ്രദേശത്തും വിന്യസിക്കാൻ കഴിയുന്ന ചലിക്കുന്ന മിസൈൽ സംവിധാനമാണ് ക്വിക്ക് റിയാക്ഷൻ സർഫസ്-ടു-എയർ മിസൈൽ (QRSAM).
- പ്രഹരപരിധി: 30 കിലോമീറ്റർ.
- കൃത്യത: 95 മുതൽ 100 ശതമാനം വരെയാണ് ഇതിന്റെ വിജയസാധ്യത.
- പ്രത്യേകത: അത്യാധുനിക റഡാറുകൾ, ഇലക്ട്രോ-ഒപ്റ്റിക്കൽ സെൻസറുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റങ്ങൾ എന്നിവ ഉപയോഗിച്ച് ശത്രുലക്ഷ്യങ്ങളെ വളരെ വേഗത്തിൽ കണ്ടെത്തി നശിപ്പിക്കാൻ ഇതിന് സാധിക്കും.
ഒരു റെജിമെന്റിന് ഏകദേശം 12,000 കോടി രൂപ ചെലവിൽ മൂന്ന് റെജിമെന്റുകളാണ് ആദ്യഘട്ടത്തിൽ വാങ്ങുന്നത്. ആകെ 11 റെജിമെന്റുകൾ സൈന്യത്തിന്റെ ഭാഗമാകുന്നതോടെ, ഇന്ത്യയുടെ വ്യോമ പ്രതിരോധ മേഖല ഒരു അഭേദ്യമായ കോട്ടയായി മാറുമെന്നാണ് വിലയിരുത്തൽ. ഇതിനായി 1.30 ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
എസ്-400 പോലുള്ള ദീർഘദൂര പ്രതിരോധ സംവിധാനങ്ങൾക്ക് കണ്ടെത്താൻ പ്രയാസമുള്ള, താഴ്ന്നുപറക്കുന്ന ഡ്രോൺ ഭീഷണികളെ നേരിടുന്നതിൽ QRSAM നിർണായക പങ്ക് വഹിക്കും.