കാരുണ്യ പദ്ധതിയോട് കാരുണ്യമില്ലാതെ സർക്കാർ. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ കുടിശിക 1255 കോടിയാണ്.

കാരുണ്യ ബെനവലൻ്റ് ഫണ്ട് കുടിശിക 217.68 കോടിയും. ചികിൽസ ധനസഹായത്തിലെ കുടിശികയുടെ വിശദാംശങ്ങൾ സംബന്ധിച്ച് ടി.ജെ. വിനോദ് എം എൽ എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ആരോഗ്യ മന്ത്രി വീണ ജോർജ് കുടിശിക കണക്കുകൾ പുറത്ത് വിട്ടത്.

ആരോഗ്യ കിരണത്തിന് 3.99 കോടി രൂപ കുടിശികയാണ്. ഹൃദ്യത്തിൻ്റെ കുടിശിക 10.38 കോടിയും JSSK കുടിശിക 34.87 കോടിയും ആർ.ബി എസ് കെ കുടിശിക 10.12 കോടിയും ആണ്.

ഇതിന് പുറമെ 2023-24 ൽ 637 കോടിയുടെ കേന്ദ്ര സർക്കാർ വിഹിതം ലഭിക്കാത്തതിനാൽ ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ പദ്ധതികളും കുടിശികയായെന്ന് വീണ ജോർജ് പറഞ്ഞു.

2169.04 കോടിയുടെ കുടിശികയാണ് രോഗികൾക്കും ചികിൽസ നൽകിയ ആശുപത്രികൾക്കും നൽകാനുള്ളത്. ഉമ്മൻ ചാണ്ടിയുടെയും കെ.എം. മാണിയുടെയും അഭിമാന പദ്ധതിയായിരുന്നു കാരുണ്യ. കുടിശിക കൊടുക്കാതെ കാരുണ്യ പദ്ധതിയെ ആസന്ന മരണത്തിലേക്ക് തള്ളി വിടുകയാണ് സർക്കാർ.