മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്മയായ ‘അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നടൻ സിദ്ദിഖിനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണു സിദ്ദീഖിനെതിരെ മത്സരിച്ചത്. ജഗദീഷും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ. മഞ്ജു പിള്ളയും മത്സര രംഗത്തുണ്ടായിരുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനെതിരെ ബാബുരാജ് വിജയിച്ചു. 337 പേരാണ് ആകെ വോട്ട് ചെയ്തത്.
നിലവിലെ പ്രസിഡന്റായ മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു ബാബുരാജും അനൂപ് ചന്ദ്രനും തമ്മിലായിരുന്നു മത്സരം. 11 അംഗ എക്സിക്യൂട്ടീവിലേക്കു 12 പേരാണ് മത്സരിച്ചത്. അമ്മയുടെ ഭരണഘടന അനുസരിച്ച് ആകെയുള്ള 17 ഭാരവാഹികളിൽ 4 പേർ സ്ത്രീകളായിരിക്കണം. മമ്മൂട്ടി യുകെയിൽ ആയതിനാൽ യോഗത്തിന് എത്തിയിട്ടില്ല. വോട്ടിങ് ഒരുമണിക്ക് അവസാനിക്കുന്നതിന് തൊട്ടുമുൻപ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി എത്തിയിരുന്നു.