– ലിജിൻ. ജി –
രണ്ടായിരത്തില്‍ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോല്‍വി, 2003 ലോകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോല്‍വി, ദ്രാവിഡ് നയിച്ച 2007ലാവട്ടെ ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. പിന്നീട് 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം നേടുമ്പോഴേക്കും ദ്രാവിഡ് ഏകദിനത്തില്‍ നിന്നും വിട്ടുനിന്നിരുന്നു.
പരിശീലകനായും കിരീടത്തിനരികെ വരെയെത്താനെ ഇതുവരെ ദ്രാവിഡിനായിരുന്നുള്ളൂ. ക. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകള്‍, ഏകദിന ലോകപ്പ് ഫൈനല്‍ ദ്രാവിഡും സംഘവും കപ്പിനരികെ വീണതിന് കണക്കില്ല. എന്നാല്‍ സ്ഥാനമൊഴിയുന്ന ദ്രാവിഡിന് കിരീടം കൊണ്ടൊരു യാത്രയയപ്പ് നല്‍കാന്‍ ഇന്ത്യന്‍ ടീമിനുമായി.
ഇന്ത്യയുടെ കിരീടനേട്ടം ദ്രാവിഡ് മതിമറന്ന് ആഘോഷിച്ചു. അതും 2007 ഏകദിന ലോകകപ്പില്‍ തനിക്ക് കീഴിലിറങ്ങിയ ഇന്ത്യന്‍ ടീം ദയനീയമായി പരാജയപ്പെട്ട അതേ മണ്ണില്‍.
ടി20 ലോകകപ്പ് നേട്ടം ഇന്ത്യന്‍ താരങ്ങള്‍ ആഘോഷിക്കുമ്പോള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു ദ്രാവിഡ്. എന്നാൽ വിരാട് കോലി ദ്രാവിഡിനെ, ആഘോഷങ്ങളിലേക്ക് വിളിച്ചു. അദ്ദേഹത്തിന്റെ കയ്യില്‍ കപ്പ് നല്‍കുകയും ചെയ്തു. ദ്രാവിഡിന് ആവേശം അടിക്കിപ്പിടിക്കാനായില്ല. കിരീടം മുകളിലേക്ക് ഉയര്‍ത്തിയ ദ്രാവിഡ് താരങ്ങളിലൊരാളായി ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കോച്ചിംഗ് കരിയറില്‍ ദ്രാവിഡ് ഒരു ട്രോഫി എത്രത്തോളം ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ആഘോഷത്തില്‍ കാണാമായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ എപ്പോഴും മറക്കാൻ ആഗ്രഹിക്കുന്ന ടൂർണമെന്റാണ് 2007ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ്. 2003ലെ ലോകകപ്പിലെ ഫൈനലിസ്റ്റുകളായിരുന്ന ഇന്ത്യക്ക് 2007ലേക്ക് എത്തിയപ്പോൾ കിരീടത്തിൽ കുറഞ്ഞ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. രാഹുൽ ദ്രാവിഡെന്ന നായകന് കീഴിൽ കളിക്കാനിറങ്ങിയ ഇന്ത്യക്ക് പക്ഷേ കാലിടറി.
ആദ്യ റൗണ്ടിൽ തന്നെ പുറത്താകാനായിരുന്നു ഇന്ത്യയുടെ വിധി. ആദ്യ കളിയിൽ ബംഗ്ലാദേശിനോട് പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ വമ്പൻ മാർജിനിൽ നമീബിയയെ തോൽപ്പിച്ചുവെങ്കിലും മൂന്നാമത്തെ കളിയിൽ ശ്രീലങ്കയോട് തോറ്റ് പുറത്താവുകയായിരുന്നു. അന്ന് വിഷമത്തോടെയാണ് കരീബിയൻ മണ്ണിൽ നിന്നും ദ്രാവിഡ് ഇന്ത്യയിലേക്ക് വിമാനം കയറിയത്.
എന്നാൽ, ഒരിക്കൽ കൂടി കരീബിയൻ മണ്ണിലേക്ക് ലോകകപ്പ് എത്തിയപ്പോൾ പരിശീലകനായി ടീമിന് തന്ത്രങ്ങൾ ഉപദേശിക്കാനായിരുന്നു നിയോഗം. ഒടുവിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് ഇന്ത്യ കിരീടമുയർത്തുമ്പോൾ തലകുനിച്ച് മടങ്ങേണ്ടി വന്ന മണ്ണിൽ നിന്നും തലയുയർത്തിയാണ് ദ്രാവിഡിന്റെ തിരിച്ചുവരവ്. കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ള അഭിനന്ദന സന്ദേശത്തിൽ ഇതിഹാസ താരം സചിൻ ഓർമിച്ചെടുത്തതും ഈ കണക്കുതീർക്കലായിരുന്നു. വെസ്റ്റിൻഡീസിലെ ഇന്ത്യ ക്രിക്കറ്റിന്റെ ജീവിതചക്രം പൂർണതയിലെത്തിയെന്ന് സചിൻ എക്സിൽ കുറിച്ചു. 2007ലെ മോശം പ്രകടനത്തിൽ നിന്നും 2024ൽ ട്വന്റി 20 ലോകകപ്പ് നേടി ഏറ്റവും മികച്ച ടീമായാണ് ഇന്ത്യ മടങ്ങുന്നത്.
2011ലെ ലോകകപ്പിൽ കളിക്കാൻ സാധിക്കാതിരുന്ന രാഹുൽദ്രാവിഡിന് ലഭിച്ച ഈ നേട്ടത്തിൽ താൻ സന്തോഷിക്കുകയാണ്. ഈ ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിന് ദ്രാവിഡിന്റെ സംഭാവന വിലമതിക്കാനാവാത്തതാണെന്നും സചിൻ പറഞ്ഞു. അവസാന ഓവർ വരെ നീണ്ട ത്രീല്ലർ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം ട്വന്‍റി20 ലോക കിരീടത്തിൽ മുത്തമിട്ടത്. കൈവിട്ട മത്സരം അവസാന ഓവറുകളിൽ ഇന്ത്യൻ പേസർമാർ തിരിച്ചുപിടിക്കുകയായിരുന്നു. ഒരു ഐ.സി.സി കിരീടത്തിനായുള്ള 11 വർഷത്തെ ഇന്ത്യയുടെ കാത്തിരിപ്പാണ് രോഹിത്തും സംഘവും അവസാനിപ്പിച്ചത്.
രോഹിതിനും കോഹ്ലിക്കും നന്ദി പറയുമ്പോൾ മറക്കാനാകാത്ത, മറക്കാൻ പാടില്ലാത്ത ഒരു പേരാണ് രാഹുൽ ദ്രാവിഡ്.
നന്ദി വന്മതിലേ!