Kerala Government News

സർക്കാർ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് ശരിയോ?

-സുരേഷ് വണ്ടന്നൂർ-

സംസ്ഥാനത്തെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ ഉൾപ്പെടെ നിഷേധിക്കുന്ന സർക്കാർ സമീപനത്തിനെതിരെ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ സബ്മിഷൻ കൊണ്ടു വന്നിരുന്നു. ഇതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നൽകിയ മറുപടി സത്യത്തിൽ ജീവനക്കാരോടുള്ള സർക്കാരിന്റെ ഏറ്റവും ക്രൂരമായ അവഗണനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഉൾപ്പെടെ ആകെ അഞ്ചര ലക്ഷത്തോളം പേരാണ് (5.45 ലക്ഷം) അവരുടെ ശമ്പള പരിഷ്കരണ കുടിശ്ശികയും, ക്ഷാമബത്ത കുടിശ്ശികയും,ലീവ് സറണ്ടറും അടക്കം ലഭക്കാതെ കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി നരകിക്കുന്നത്. ഇതാകട്ടെ 35,000 കോടിയോളം രൂപയാണ്. കൂടാതെ 5.8 ലക്ഷം വരുന്ന കേരളത്തിലെ സർവ്വീസ് പെൻഷൻകാരുടെ ഡി.ആർ (ഡിയർനെസ് റിലീഫ്) കുടിശ്ശികയും പെൻഷൻ പരിഷ്കരണ കുടിശ്ശികയും കൂടി 7000 കോടി രൂപ പിന്നെയുമുണ്ട്.

ഇത്തരത്തിൽ ആകെ 42,000 കോടി രൂപയാണ് സർക്കാർ തടഞ്ഞ് വച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായിട്ടാണ്
ഇത്രയും വലിയ തുക സർക്കാർ പിടിച്ച് വയ്ക്കുന്നത്. സംസ്ഥാന സർക്കാരിനായി പണിയെടുക്കുന്ന ജീവനക്കാരും അധ്യാപകരും അതിരൂക്ഷമായ വിലക്കയറ്റത്തേയും,നികുതി വർദ്ധനവിനേയും അതിജീവിക്കാൻ പാടുപെടുമ്പോഴാണ് സർക്കാരിൻ്റെ ഈ നിഷേധാത്മക സമീപനമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നു. 5 വർഷം മുമ്പ് മാത്രം ലഭിച്ച ശമ്പള വർദ്ധനവ് കൊണ്ട് ഇരട്ടിയിലേറെയായ ഇന്നത്തെ ജീവിത ചെലവുമായി മുന്നോട്ടു പോകാൻ ജീവനക്കാർക്ക് കഴിയാത്ത സാഹചര്യത്തിൽ ജീവാനന്ദം ആന്വിറ്റി സ്‌കീമിലേക്ക് കൂടി വിഹിതം നൽകേണ്ടി വന്നാൽ പട്ടിണിയിലേക്ക് പോകുന്ന ഒരു വിഭാഗമായി സർക്കാർ ജീവനക്കാരും അധ്യാ പകരും മാറുമെന്ന ഗുരുതര പ്രതിസന്ധിയാവും ഉണ്ടാവുകയെന്നും ഇത് വളരെ അടിയന്തിര പ്രാധാന്യമുള്ള ഒരു വിഷയമായി കണ്ട് പിണറായി സർക്കാർ ഉടനടി പരിഹാരം ഉണ്ടാക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെടുന്നു. കഴിഞ്ഞ പിണറായി സർക്കാർ അധികാരമേറ്റ നാൾ മുതൽ സർക്കാർ ജീവനക്കാരെയും അദ്ധ്യാപകരെയും ശത്രുപക്ഷത്ത് നിർത്തി അവരുടെ ശമ്പളവും ആനുകൂല്യങ്ങളും പിടിച്ചെടുക്കുവാനുള്ള നടപടികളാണ് ഉണ്ടായതെന്നും കുറ്റപ്പെടുത്തലുണ്ടായി.

ഒന്നാം പിണറായി സർക്കാർ ഒരു ഗഡു ക്ഷാമബത്ത പോലും അനുവദിക്കാതെ വൈകി അനുവദിച്ച ശമ്പള പരിഷ്കരണത്തിൽ ഉൾപ്പെടുത്തിയാണ് ഡി.എ അനുവദിച്ചത്. കുടിശിക ഡി.എ നൽകിയ ആനുകൂല്യം മാത്രമാണ് ശമ്പള പരിഷ്കരണത്തിൽ ജീവനക്കാർക്ക് ലഭിച്ചത്. നിലവിലുണ്ടായിരുന്ന CCA (സിറ്റി കോമ്പൻസേറ്ററി അലവൻസ്) നിർത്തലാക്കി,ഹൗസ് ബിൽഡിംഗ് അഡ്വാൻസ് (HBA)- യിൽ നിന്ന് സർക്കാർ തടിയൂരുകയും, ചരിത്രത്തിലാദ്യമായി സർവ്വീസ് വെയിറ്റേജ് കണക്കാക്കാതെ 1.38 കൊണ്ട് ഗുണിച്ച് ഒരു തട്ടിക്കൂട്ട് ശമ്പള പരിഷ്‌കരണമാണ് അന്ന് ജീവനക്കാർക്ക് നൽകിയത്.

പ്രകൃതി ദുരന്തങ്ങളും മഹാമാരിയും കടന്നു വന്നപ്പോൾ സാലറി ചലഞ്ച്,സാലറി കട്ടിനായി ഓർഡിനൻസ് എന്നിവ നടപ്പിലാക്കി കൊണ്ട് നിലവിലുള്ള ശമ്പളത്തിൽ കുറവ് വരുത്തുക കൂടിയാണ് ഒന്നാം പിണറായി സർക്കാർ ചെയ്തതെങ്കിൽ,രണ്ടാം പിണറായി സർക്കാർ മൂന്ന് വർഷം പൂർത്തിയായപ്പോൾ 39 മാസത്തെ ഡി.എ കുടിശ്ശികയും, 5 വർഷമായി ലീവ് സറണ്ടർ നൽകാതെയും, 5 കൊല്ലം മുമ്പ് കിട്ടേണ്ട പേ റിവിഷൻ അരിയർ നൽകാതെയും ഒടുവിൽ ജീവാനന്ദം എന്ന പേരിട്ട് ശമ്പളം പിടിച്ചെടുക്കുന്ന മറ്റൊരു പദ്ധതിയുമായി സർക്കാർ രംഗത്തിറങ്ങിയിരിക്കുകയാണെന്നുമാണ് ആക്ഷേപം.

കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത്:

  • ക്ഷാമബത്ത കുടിശ്ശിക 1500 കോടി,
  • ലീവ് സറണ്ടർ (5 വർഷം) 1400 കോടി,
  • പേ റിവിഷൻ കുടിശിക 6000 കോടി,
  • (5 വർഷം മുമ്പ് നൽകേണ്ടിയിരുന്നത്) ഉൾപ്പെടെ ആകെ 35000 കോടി.

സർവ്വീസ് പെൻഷൻകാർ:

ഡി.ആർ കുടിശിക 6000 കോടി,
പെൻഷൻ പരിഷ്‌കരണ കുടിശിക 1000 കോടി, ഈ 7000 കോടി ഉൾപ്പെടെ ആകെ നൽകാനുള്ള കുടിശ്ശിക – 42000 കോടി രൂപയാണ്. 85000 പെൻഷൻകാർ പെൻഷൻ റിവിഷൻ കുടിശിക,ഡി. ആർ കുടിശിക എന്നിവ ലഭിക്കാതെ മരണമടഞ്ഞു പോയിട്ടുണ്ട്. 15 മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് ഇന്ന് സർക്കാർ ജീവനക്കാർക്ക് നഷ്‌ടപ്പെട്ട് നിൽക്കുന്നത്. ഇത് ഞെട്ടിക്കുന്നതാണ്. എട്ട് വർഷം പൂർത്തിയാക്കിയ പിണറായി സർക്കാർ ഇതിനകം തന്നെ ജീവനക്കാരുടെ ഒരു വർഷം 2 മാസത്തിന് തുല്യമായ തുകയാണ് പിടിച്ചു വച്ചിരിക്കുന്നത്.

ക്ഷാമബത്ത:

2021 ജനുവരി മുതൽ 2024 ജനുവരി വരെ 7 ഗഡു ഡി.എ കുടിശികയായപ്പോൾ 1 ഗഡു (2%) അനുവദിക്കുകയും അതിന്റെ 39 മാസത്തെ കുടിശ്ശിക നൽകാതിരിക്കുകയും ചെയ്തു. ഇതു കഴിഞ്ഞ 49 വർഷമായി കേന്ദ്ര നിരക്കിലും കേന്ദ്ര പ്രാബല്യ തീയതിയിലും സംസ്ഥാന സർക്കാർ ജീവന ക്കാർക്ക് ലഭിച്ചു വന്ന കേന്ദ്ര ഡി.എ നിർത്തൽ ചെയ്‌തതിന് തുല്യമാണ്.

1975 ൽ അച്യുതമേനോൻ്റെ ഐക്യമുന്നണി സർക്കാരിന്റെ കാലം മുതലാണ് കേന്ദ്ര ഡി.എ സംസ്ഥാന ജീവനക്കാർക്ക് അതേ തീയതിയിലും അതേ നിരക്കിലും അനുവദിച്ചു വന്നത്. 2% ഡി.എ അനുവദിച്ചു കൊണ്ട് 12.03.2024 ൽ ഈ സർക്കാർ പുറപ്പെടുവിച്ച ക്ഷാമബത്ത ഉത്തരവ് (എട്ട് കൊല്ലമായ പിണറായി സർക്കാരിന്റെ ആദ്യ ക്ഷാമബത്താ ഉത്തരവാണ് കഴിഞ്ഞ മാർച്ചിൽ പുറത്തിറക്കിയത്.

ഒരു വർഷം രണ്ട് ഡി.എ നൽകേണ്ടിടത്താണ് എട്ട് വർഷത്തിൽ ഒന്ന് അനുവദിച്ചത്) തിരുത്തി, മുൻകാലങ്ങളെപ്പോലെ കേന്ദ്ര നിരക്കും പ്രാബല്യ തീയതിയും ഉൾപ്പെടുത്തിക്കൊണ്ട് 39 മാസത്തെ കുടിശിക അനുവദിച്ചു ഉത്തരവിറക്കേണ്ടതാണ് എന്നും വാദമുയരുന്നു. ജീവനക്കാർക്കും അധ്യാപകർക്കും സംസ്ഥാന സർക്കാർ ഇത് നിഷേധിക്കുമ്പോൾ സംസ്ഥാനത്ത് തന്നെ പണിയെടുക്കുന്ന IAS, IPS, IFS, ജുഡീഷ്യൽ ഓഫീസർമാർ എന്നിവർക്ക് കേന്ദ്ര നിരക്കിലുള്ള ഡി.എ കുടിശികയില്ലാതെ അനുവദിച്ചത് വിവേചനമല്ലാതെ മറ്റെന്താണ്.

കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളിൽ ഒന്നും തന്നെ ഇത്തരത്തിൽ ഡി.എ കുടിശിക ഇല്ല എന്നതും എടുത്തു പറയേണ്ടതു തന്നെ.
തമിഴ്‌നാട് സർക്കാർ കഴിഞ്ഞ ദിവസം 2024 ജനുവരി വരെയുള്ള മുഴുവൻ കുടിശികയും ജീവനക്കാർക്ക് അനുവദിച്ചിരുന്നു. അഞ്ച് കൊല്ലം ഭരിക്കുന്ന ഒരു ജനാധിപത്യ സർക്കാർ 10 ഗഡു ഡി.എ ആണ് ജീവനക്കാർക്ക് അനുവദിക്കേണ്ടത്.
എന്നാൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മുൻ യു.ഡി.എഫ് സർക്കാർ മുൻ എൽ.ഡി.എഫ് സർക്കാർ കുടിശികയാക്കിയ ഒരു ഗഡു ഉൾപ്പെടെ

11 ഗഡു ക്ഷാമബത്ത അനുവദിച്ച ചരിത്രം

കേരളത്തിലുള്ളപ്പോഴാണ്, കഴിഞ്ഞ 8 വർഷത്തിനിടയിൽ ആദ്യമായി അനുവദിച്ച 2% ക്ഷാമബത്തയിൽ കേന്ദ്ര പ്രാബല്യ തീയതിയും 39 മാസത്തെ കുടിശികയും വരുത്തിയുള്ള ഈ അട്ടിമറി. ഡി.എ കുടിശിക ഇനത്തിൽ 15,000 കോടി രൂപയാണ് ജീവനക്കാർക്ക് ലഭിക്കേണ്ടത്.
ലീവ് സറണ്ടർ തുടർച്ചയായി 5-ാം വർഷവും നിഷേധിക്കുകയാണ്.

2002 ൽ എ.കെ.ആൻ്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ 20 ദിവസത്തെ ലീവ് സറണ്ടർ താത്കാലികമായി തടഞ്ഞു വച്ചപ്പോൾ 32 ദിവസം നീണ്ട പണിമുടക്കിന് ചുക്കാൻ പിടിച്ചവർ ഇന്ന് കേരളം ഭരിക്കുമ്പോൾ 30 ദിവസത്തെ ലീവ് സറണ്ടർ അഞ്ച് കൊല്ലമായി തടഞ്ഞു വച്ചിരിക്കുന്നു എന്നത് വിരോധാഭാസമാണ്. ആദ്യ രണ്ട് വർഷം ഡഫർ ചെയ്യുകയും പിന്നീട് പ്രൊവിഡന്റ് ഫണ്ടിൽ മാറ്റി കൊണ്ട് നാല് കൊല്ലത്തെ ലോക്ക് ഇൻ പീരീഡ് പ്രഖ്യാപിക്കുകയുമാണ് ലീവ് സറണ്ടറിന്റെ കാര്യത്തിൽ ഇപ്പോൾ ചെയ്തിട്ടുള്ളത്. കൈയ്യിൽ കിട്ടാത്ത കാശിന് ഇൻകം ടാക്സ് നൽകേണ്ട ഗതികേടിലാണ് ജീവനക്കാർ.

ശമ്പള പരിഷ്കരണം:

11-ാം ശമ്പള പരിഷ്‌കരണത്തിൻ്റെ കുടിശിക
01.07.2019 മുതൽ നൽകിയിട്ടില്ല. 12 -ാം ശമ്പള കമ്മീഷനെ നിയമിച്ചിട്ടില്ല. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് 10 -ാം ശമ്പള കമ്മീഷൻ ഡ്യൂ ഡേറ്റിന് 8 മാസം മുമ്പ് നിയമിച്ച ചരിത്രം ഉള്ളപ്പോഴാണ് ഡ്യൂ ഡേറ്റ് ആയിട്ടും കമ്മീഷനെ നിയമിക്കുന്നതിനെക്കുറിച്ച് ആലോചന പോലും നടത്താത്തത്. മെഡിസെപ്പ് പദ്ധതിയിലൂടെ 6000 രൂപ പിടിക്കുന്നു. അതേ സമയം ചികിത്സ ലഭിക്കുന്നില്ല എന്ന ആക്ഷേപവും വ്യാപകമാണ്.

10-ാം ശമ്പള കമ്മീഷൻ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും ക്യാഷ്‌ലെസ് ട്രീറ്റ്‌മെന്റ് ആയി സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാനാണ് ശുപാർശ ചെയ്തത് എന്നോർക്കണം. എന്നാൽ സർക്കാരിൻ്റെ വിഹിതം ഇല്ലാതെ ജീവനക്കാരിൽ നിന്നും 6000 രൂപ പ്രതിവർഷം നിർബന്ധപൂർവ്വം ഈടാക്കി നടപ്പിലാക്കിയ മെഡിസെപ്പ്,ഇന്ന് പൂർണ്ണ പരാജയമായി മാറിയിരിക്കുന്നതായും പറയപ്പെടുന്നു. എംപ്ലോയർ എന്ന നിലയിൽ സർക്കാരിൻ്റെ ഉത്തരവാദിത്വമാണ് ജീവനക്കാരൻ്റെ ആരോഗ്യ പരിരക്ഷ.1960-ലെ മെഡിക്കൽ അറ്റൻഡൻസ് റൂൾ ഇത് വ്യക്തമാക്കുന്നുണ്ട്.

സർക്കാരിൻ്റെ വാർഷിക ബജറ്റിൽ 240 കോടി രൂപയോളം വകയിരുത്തിയിരുന്നിടത്ത്, ഇതൊഴിവാക്കി കൊണ്ട് 5400 രൂപ ഇൻഷുറൻസ് കമ്പനിക്ക് കൊടുക്കേണ്ടിടത്ത് 6000 രൂപയാണ് ജീവനക്കാരിൽ നിന്നും ഈടാക്കുന്നത്.

ഈ ഇനത്തിൽ 40 കോടി രൂപ സർക്കാർ പ്രത്യേക ഫണ്ട് ആക്കി മാറ്റുന്നു. ജി.എസ്.റ്റി ഇനത്തിൽ 42 കോടി രൂപ സമാഹരിക്കുന്നു. ഫലത്തിൽ 322 കോടി രൂപ സർക്കാരിന് നേട്ടമുണ്ടാക്കുന്ന പദ്ധതി യായിട്ടാണ് മെഡിസെപ്പ് മാറ്റിയിരിക്കുന്നത്.

ഇപ്പോൾ സർവ്വീസിൽ കയറുന്ന വ്യക്തിക്കും 2 കൊല്ലം മുമ്പ് മുതലുള്ള പ്രീമിയം തുക കുടിശികയായി നൽകേണ്ട ഗതികേടാണ്.
ഏത് നിയമത്തിൻ്റെ പിൻബലത്തിലാണ് പോളിസിയിൽ ചേരുന്ന ആൾ രണ്ട് കൊല്ലം മുമ്പുള്ള പ്രീമിയം തുക കുടിശികയായി ഒടുക്കേണ്ടതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെടുന്നു.

ആശ്രിത നിയമന വ്യവസ്ഥ പരിഷ്കരണം :

സർക്കാർ ജീവനക്കാരുടെ ഏറ്റവും ആകർഷണീയമായ ആനുകൂല്യമായ ആശ്രിത നിയമന വ്യവസ്ഥയായ സമാശ്വാസ തൊഴിൽദാന പദ്ധതിയ്ക്ക് പകരം സമാശ്വാസ ധനം എന്ന വ്യവസ്ഥ ഈ പദ്ധതിയെ അട്ടിമറിക്കുന്നതാണ്.
13 വയസിന് താഴെ പ്രായമുള്ളവർ ആശ്രിതരല്ലെന്ന പുതിയ കണ്ടെത്തൽ വിചിത്രമല്ലാതെ മറ്റെന്ത്? കെട്ടിക്കിടക്കുന്ന അപേക്ഷകൾ ഒറ്റത്തവണ തീർപ്പാക്കി ഇഷ്ട്ടപ്പെട്ടവർക്ക് നൽകാനുള്ള നീക്കവും ശുപാർശയിലുണ്ടെന്ന ആക്ഷേപവും ഉയർന്നു കഴിഞ്ഞു.

ജീവാനന്ദം ആന്വിറ്റി പദ്ധതി:

സാലറി ചലഞ്ചിൽ തുടങ്ങി ഓർഡിനൻസ് ഇറക്കി സാലറി കട്ട് നടത്തി കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സർക്കാർ ജീവനക്കാരൻ്റെ ശമ്പളവും മുടക്കിയ ഈ സർക്കാരിൻ്റെ ഏറ്റവും അവസാനത്തെ പോക്കറ്റടിയായിട്ടാണ് ജീവാനന്ദം എന്ന പേരിലുള്ള ആന്വിറ്റി സ്‌കീം വിലയിരുത്തപ്പെടുന്നത്. അവശേഷിക്കുന്ന സ്റ്റാറ്റ്യൂട്ടറി പെൻഷൻകാർക്കും പെൻഷൻ ഇല്ലാതാക്കുന്ന ഒരു പദ്ധതിയാണോ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
10 മുതൽ 25% വരെ ശമ്പള വിഹിതം പിടിക്കും എന്ന നിർദ്ദേശം ആശങ്കാജനകമാണ്.
പങ്കാളിത്ത പെൻഷൻകാരുടെ 10% ത്തിന് പുറമേ സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ്, ഗ്രൂപ്പ് പേഴ്സണൽ ആക്സിഡൻ്റ് ഇൻഷുറൻസ് സ്‌കീം, ജനറൽ പ്രൊവിഡന്റ് ഫണ്ട്, മെഡിസെപ്പ് എന്നീ നിർബന്ധിത അടവുകൾക്ക് പുറമേ ജീവാനന്ദം പദ്ധതി കൂടെ വന്നാൽ സർക്കാർ ജീവനക്കാരന് മാസ ശമ്പളം നാലിലൊന്നായി കുറഞ്ഞ് അവന്റെ അവസ്ഥ അതിദയനീയമാകും.
വിലക്കയറ്റവും നികുതി വർദ്ധനയും ഫീസ് വർദ്ധനവും, കുട്ടികളുടെ വിദ്യാഭ്യാസ ചെലവും കൊണ്ട് പൊറുതി മുട്ടുന്ന സർക്കാർ ജീവനക്കാർക്ക്, ഈ ഗവൺമെൻ്റ് വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്.
ജീവനക്കാർക്ക് കൊടുത്തു തീർക്കുവാനുള്ള 42000 കോടി രൂപ അടിയന്തിരമായി നൽകുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായെങ്കിൽ മാത്രമേ ഇതിന് ഒരു പരിഹാരം കാണാൻ കഴിയു എന്നത് അത്യന്തം അനിവര്യമായിരിക്കുകയാണ്.
ദ്രോഹ നടപടികളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അർഹമായ ശമ്പളവും ആനുകൂല്യങ്ങളും ജീവനക്കാർക്ക് അനുവദിച്ച് നൽകണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെടുന്നു.

5 2 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x