കിരീടവരൾച്ചക്ക് വിരാമമിടുക… അത് തന്നെയാണ് ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുമ്പോൾ ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയെ സംബന്ധിച്ച് സജീവ കിരീട പ്രതീക്ഷയാണുള്ളത്. തോല്‍വി അറിയാതെയാണ് ഇന്ത്യ ഫൈനല്‍ കളിക്കാന്‍ പോകുന്നത്. ദക്ഷിണാഫ്രിക്കയും തോല്‍വി അറിയാതെയാണ് ഫൈനല്‍ ടിക്കറ്റെടുത്തിരിക്കുന്നത്.
എന്നാൽ കൗതുകകരമായ മറ്റൊരു വസ്തുതയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കിരീടം വേണമെങ്കിൽ മലയാളി വേണം. കാരണം ഇന്ത്യ ലോകകപ്പ് കിരീടം നേടിയപ്പോഴെല്ലാം മലയാളികള്‍ ടീമിന്റെ ഭാഗമായിരുന്നു. 1983ല്‍ കപില്‍ ദേവിന്റെ ഇന്ത്യ കന്നി ലോകകപ്പ് ഇന്ത്യയുടെ അലമാരയിലെത്തിക്കുമ്പോള്‍ സുനില്‍ വല്‍സന്‍ ടീമിന്റെ ഭാഗമായിരുന്നു. 2007ല്‍ ഇന്ത്യ കന്നി ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കുമ്പോള്‍ ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും ശ്രീശാന്ത് ടീമിന്റെ ഭാഗമായി ഉണ്ടായിരുന്നു.
ഇപ്പോള്‍ ഇന്ത്യ 2024ലെ ടി20 ലോകകപ്പ് ഫൈനലിനിറങ്ങുമ്പോള്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുണ്ട്. എന്നാല്‍ സഞ്ജുവിനെ ഇന്ത്യ ഇതുവരെ ഒരു മത്സരത്തില്‍ പോലും കളിപ്പിച്ചില്ല. അതുകൊണ്ടുതന്നെ ഫൈനലിലും കളിപ്പിക്കാന്‍ സാധ്യതയില്ല. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യ സഞ്ജുവിനെ ബെഞ്ചിലിരുത്തിയിരിക്കുകയാണ്. ഒരു മത്സരത്തില്‍ പോലും അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല. നിർണായക മത്സരത്തിൽ ഇന്ത്യ പ്ലേയിങ് 11 മാറ്റം വരുത്തുമോയെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല.
ഇന്ത്യ മലയാളിയെ കളിപ്പിച്ചില്ലെങ്കില്‍ കപ്പ് നേടില്ലെന്ന് പറയാനാവില്ല. 1983ലെ ലോകകപ്പ് ടീമില്‍ സുനില്‍ വല്‍സന്‍ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരം പോലും കളിച്ചിരുന്നില്ല. എന്നിട്ടും ഇന്ത്യക്ക് കപ്പിലേക്കെത്താന്‍ സാധിച്ചു. അതേ സമയം 2007ലെ ടി20 ലോകകപ്പില്‍ മലയാളി പേസറായ ശ്രീശാന്തിന് കളിക്കാന്‍ അവസരം ലഭിച്ചു. ഓസ്‌ട്രേലിയക്കെതിരേ ഗംഭീര പ്രകടനത്തോടെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമാവാന്‍ ശ്രീശാന്തിനായി.
പ്രഥമ ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്താന്റെ അവസാന താരത്തിന്റെ ക്യാച്ചെടുത്ത് ഇന്ത്യയുടെ വിജയ മുഹൂര്‍ത്തത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാനും ശ്രീശാന്തിനായി. ലോകകപ്പ് കളിക്കാന്‍ ഭാഗ്യം ലഭിക്കുന്ന ആദ്യ മലയാളിയും ഏക മലയാളിയും ശ്രീശാന്താണ്. ഇത്തവണ സഞ്ജുവിന് അവസരം പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ ഇടം കൈയനായ റിഷഭ് പന്ത് മികച്ച പ്രകടനം നടത്തുന്നതിനാല്‍ സഞ്ജുവിനെ ഒതുക്കിയിരിക്കുകയാണ്. സഞ്ജുവിനെ കളിപ്പിക്കാത്തതിനാല്‍ ഇന്ത്യ കപ്പ് നേടില്ലെന്ന് പറയാനാവില്ല. ഇന്ത്യന്‍ ടീമിലെ മലയാളി താരമായി ടീമിന്റെ ഭാഗ്യ അടയാളമായി സഞ്ജുവുണ്ടാകും. എന്നാല്‍ കളിക്കാന്‍ അവസരം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഫൈനലില്‍ ഇന്ത്യ വിജയകൂട്ടുകെട്ട് പൊളിക്കാന്‍ സാധ്യതയില്ല.
ആദ്യ മത്സരത്തില്‍ നിന്ന് ഇന്ത്യ ഒരു മാറ്റം മാത്രമാണ് ഇതുവരെ വരുത്തിയത്. പേസര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കി പകരം ഇന്ത്യ കുല്‍ദീപ് യാദവിനെ കളിപ്പിച്ചു. ബാറ്റിങ് നിരയില്‍ യാതൊരു മാറ്റത്തിനും ഇന്ത്യ മുതിര്‍ന്നിട്ടില്ല. അതിന് തയ്യാറാകാനുള്ള സാധ്യതയും കുറവാണെന്ന് പറയാം. എന്തായാലും ഇന്ത്യന്‍ ടീമിലെ ഏക മലയാളി സാന്നിധ്യമായി അഭിമാനിക്കാന്‍ സഞ്ജുവിനാകും. ഇന്ത്യ കിരീടം നേടിയാല്‍ ലോകകപ്പ് നേടുന്ന മുന്നാമത്തെ മലയാളി താരമെന്ന നേട്ടത്തിലേക്കെത്താനും സഞ്ജുവിന് മുന്നില്‍ അവസരമുണ്ട്