ജീവനക്കാർക്ക് ട്രിബ്യൂണലിനെ സമീപിക്കാൻ ആറുമാസം: സർക്കുലർ നീതിനിഷേധത്തിന് ഉദാഹരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: സർവീസ് സംബന്ധമായ വിഷയങ്ങളിൽ ഭരണപരമായ പരിഹാരമാർഗങ്ങൾ വിനിയോഗിച്ചശേഷം മാത്രമേ ജീവനക്കാർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ പാടുള്ളൂ എന്ന സർക്കാർ സർക്കുലർ എൽ.ഡി.എഫ് ഭരണത്തിൻ്റെ നീതി നിഷേധത്തിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ അഭിപ്രായപ്പെട്ടു.

നീതിക്ക് വേണ്ടി നീതിപീഠത്തെ സമീപിക്കാൻ പോലും അന്യായം നടന്ന് ക്ഷമതയുള്ള അധികാരസ്ഥാനത്ത് പരാതി കൊടുത്ത് ആറു മാസം സർക്കാർ ജീവനക്കാരൻ കാത്തിരിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തുന്നത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിയമംദുർവ്യാഖ്യാനം ചെയ്തുള്ളതാണ്.

സർക്കാർ വ്യവസ്ഥ ഒരേ സമയം ജീവനക്കാരുടെ നിയമാവകാശത്തെ നിഷേധിക്കുന്നതും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൻ്റെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റവുമാണ്. നിയമനവും സർവീസും സംബന്ധിച്ച ഉത്തരവുകളിൽ പരാതിയുള്ളവർക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാമെന്നത് നിലവിലുള്ള ആക്ട് ഉറപ്പു നൽകുന്ന അവകാശമാണ്. അതിനെ നിരാകരിക്കുന്നത് പ്രതിഷേധാർഹമാണ്.

നിയമപരമായ ചട്ടങ്ങൾക്കനുസൃതമായി കൈകാര്യം ചെയ്ത് തീർപ്പ് കൽപിക്കാൻ നിലവിൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പര്യാപ്തമാണ്. അതിനായി സർക്കുലർ രൂപത്തിൽ ട്രിബ്യൂണൽ അനുവദിക്കേണ്ടതില്ലാത്ത അപേക്ഷകളെ കുറിച്ചുള്ള ചട്ടങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് തിട്ടൂരങ്ങളിറക്കേണ്ട കാര്യമില്ല. നീതിപീഠത്തിൽ പോലും അഭയം തേടാൻ പാടില്ല എന്നത്, ജീവനക്കാരെ ഒരു തരത്തിലും അനുവദിക്കില്ലെന്ന സർക്കാർ നയമാണ് സർക്കുലർ വിളിച്ചറിയിക്കുന്നത്.

ജീവനക്കാരൻ്റെ ജീവനും ജീവിതവും ആയി ബന്ധപ്പെട്ട സർവീസ് വിഷയങ്ങളിലും പ്രഥമദൃഷ്ട്യാ നീതി നിഷേധം നടക്കുമ്പോഴും ഏകപക്ഷീയവും നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമായ സസ്പെൻഷൻ, സ്ഥലം മാറ്റം തുടങ്ങിയവ നടമാടുമ്പോഴും സ്വാഭാവിക നീതി നിഷേധിക്കുമ്പോഴും കോടതിയുടെ അടിയന്തര ഇടപെടൽ ജീവനക്കാർക്ക് അനിവാര്യമായി വരും. അത്തരം സന്ദർഭങ്ങളിൽ ആറുമാസം നീതിക്കായി കാത്തിരിക്കുക എന്നത് ജീവിതം തന്നെ വഴിമുട്ടിക്കും.

അതിനാൽ സർക്കാരിൻ്റെ സ്വേച്ഛാധിപത്യ സർക്കുലറിനെതിരെ പ്രക്ഷോഭവും നിയമവഴിയും തേടുമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം.എസ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറി എസ് പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം.എസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ അഭിപ്രായപ്പെട്ടു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments