‘നമ്പി നാരായണനെതിരെ ചാരക്കേസ് കെട്ടിച്ചമയ്ക്കാന്‍ ഗൂഢാലോചന’; പ്രതികള്‍ക്ക് കോടതിയുടെ സമന്‍സ്

ISRO espionage case: CBI files chargesheet against 5 ex-police officers for 'framing' scientist

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതികള്‍ക്ക് കോടതിയുടെ സമന്‍സ്. ജൂലൈ 26 ന് കോടതിയില്‍ ഹാജരാകാനാണ് പ്രതികള്‍ക്ക് നിര്‍ദേശം. തിരുവനന്തപുരം സിജെഎം കോടതിയാണ് പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയത്.

ശാസ്ത്രജ്ഞനായ നമ്പി നാരായണനെതിരെ ചാരക്കേസ് കെട്ടിച്ചമയ്ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ബുധനാഴ്ച സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഡല്‍ഹി യൂണിറ്റിന്റെ എസ്.പി നേരിട്ടെത്തിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേരളാ പൊലീസിലെയും ഐ.ബിയിലെയും മുന്‍ ഉദ്യോഗസ്ഥരായ 18 പേരെയാണ് കേസില്‍ സി.ബി.ഐ പ്രതി ചേര്‍ത്തിട്ടുള്ളത്. ഇതില്‍ അഞ്ച് പേര്‍ക്കെതിരെ മാത്രമാണ് കുറ്റപത്രം. മുന്‍ ഡി.ജി.പി സിബി മാത്യൂസ്, മുന്‍ ഐ.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി ശ്രീകുമാര്‍, മുന്‍ ഇന്‍സ്പെക്ടര്‍ എസ്. വിജയന്‍, മുന്‍ ഡി.എസ്.പി കെ.കെ ജോഷ്വ, മുന്‍ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ പി.എസ് ജയപ്രകാശ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞരായ എസ് നമ്പി നാരായണന്‍, ഡി ശശികുമാരന്‍, മാലദ്വീപ് സ്വദേശികളായ മറിയം റഷീദ, അന്തരിച്ച ഫൗസിയ ഹസന്‍ എന്നിവരെ പ്രതികളാക്കി കേരള പോലീസ് 1994-ല്‍ രജിസ്റ്റര്‍ ചെയ്ത ചാരക്കേസ് പോലീസ് ഉദ്യോഗസ്ഥരും കേരളത്തിലെ ഐ ബി ഉദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന സിബിഐ കുറ്റപത്രം കോടതി അംഗീകരിച്ചു. തുടര്‍ന്നാണ് കോടതി പ്രതികള്‍ക്ക് സമന്‍സ് അയച്ചത്.

ക്രിമിനല്‍ ഗൂഢാലോചനയും വ്യാജരേഖ നിര്‍മ്മാണവും ഉള്‍പ്പടെയുള്ളതാണ് പ്രധാന കുറ്റങ്ങള്‍. എഫ്‌ഐആര്‍ അനുസരിച്ച് കേസില്‍ പതിനെട്ട് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കുറ്റപത്രത്തില്‍ പതിമൂന്ന് പേര്‍ക്ക് പങ്കില്ലെന്ന് കണ്ട് അവരെ ഒഴിവാക്കി. ആകെ അഞ്ച് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ പ്രതികള്‍ ആയിട്ടുള്ളത്. കുറ്റപത്രം ജൂലൈ 26 ന് വായിച്ച് കേള്‍പ്പിക്കും. തുടര്‍ന്ന് കോടതി വിചാരണ നടപടികളിലേക്ക് കടക്കും.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
പ്രദീപ്‌ കുമാർ
പ്രദീപ്‌ കുമാർ
4 months ago

കാലം സാക്ഷി.