മലബാറിലെ ട്രെയിൻ യാത്രക്കാർ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട്കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെയും, റെയിൽവേ ബോർഡ് ചെയർപേഴ്സൺ ജയ വർമ സിൻഹയെയും നേരിൽ കണ്ട് കോഴിക്കോട് എം.പി എം.കെ. രാഘവൻ.
വൈകുന്നേരങ്ങളിലും രാവിലെയും യാത്രക്കാർ അതീവ യാത്രാക്ലേശം അനുഭവിക്കുമ്പോഴും ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും ആവശ്യങ്ങളെ മുഖവിലക്കെടുക്കാതെ റെയിൽവേ മുന്നോട്ട് പോകുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന കാര്യം മന്ത്രിയെ അറിയിച്ചു. രാവിലേയും വൈകിട്ടും വാഗൺ ട്രാജഡിക്ക് സമാനമാണ് സാഹചര്യമാണെന്ന് എം.പി റെയില്‍വേ മന്ത്രിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടി.
മെമു സർവ്വീസുകൾ അനുവദിക്കപ്പെടുന്നതിലുൾപ്പെടെ പാലക്കാട് ഡിവിഷൻ നേരിടുന്ന വിവേചനം മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. കാൻസൽ ചെയ്ത ട്രെയിനുകൾ പുനഃസ്ഥാപിക്കൽ, നഗരങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ മെമു സർവീസ്, ട്രാക്ക് സൗകര്യപ്പെടുത്തി വന്ദേ മെട്രോ എന്നിവ ആരംഭിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
പരശുറാം എക്സ്പ്രസ്, ചെന്നൈ എഗ്മോർ എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, നേത്രാവതി തുടങ്ങിയ സർവ്വീസുകളിൽ അനുഭവപ്പെടുന്ന അഭൂതപൂർവ്വമായ തിരക്കിന് പരിഹാര നിർദേശം മുന്നോട്ട് വെച്ച് ആവശ്യങ്ങൾ ഉന്നയിച്ചു.
ബാംഗ്ളൂർ കണ്ണൂർ എക്സ്പ്രസ് സർവ്വീസ് കോഴിക്കോടേക്ക് നീട്ടി റെയിൽവേ ബോർഡ് ഇറക്കിയ ഉത്തരവ് 5 മാസം കഴിഞ്ഞും നടപ്പിലാക്കാത്തതിലെ പ്രതിഷേധം മന്ത്രിയെ അറിയിച്ചു. നിരവധി തവണ കേന്ദ്ര മന്ത്രിയെയും, റെയിൽവേ ബോർഡുമായും ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകളെ തുടർന്നാണ് സർവ്വീസ് കോഴിക്കോട് വരെ നീട്ടാനുള്ള ഉത്തരവായത്. ഉത്തരവ് അടിയന്തിരമയി നടപ്പിലാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. ട്രെയിൻ നീട്ടിക്കഴിഞ്ഞാൽ അത് ബാംഗ്ളൂർ യത്രക്കാർക്കും വൈകീട്ട് 4 മണിക്ക് ശേഷമുള്ള ഹ്രസ്വദൂര യാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്പെടും.
ഗോവ- മംഗലാപുരം റൂട്ടിൽ ഓടുന്ന വന്ദേ ഭാരത് സർവ്വീസ് കോഴിക്കോട് വരെ നീട്ടണമെന്ന ആവശ്യവും, ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് പുതിയ ട്രെയിൻ സർവ്വീസ് ആരംഭിക്കണമെന്നും, സാധ്യമല്ലെങ്കിൽ ബാംഗ്ലൂരിൽ നിന്നും എറണാകുളം വരെ സർവ്വീസ് നടത്തുന്ന 12677/78 സർവ്വീസിന് ബദലായി പുതിയ വന്ദേ ഭാരത് സർവ്വീസ് ആരംഭിക്കുന്നുവെന്ന് വാർത്തകൾ വന്നിട്ടുണ്ടെന്നും, ഇത്തരമൊരു തീരുമാനം നടപ്പിലാക്കാൻ റെയിൽവേ ആലോചിക്കുന്നുണ്ടെങ്കിൽ, 12677/78 സർവ്വീസിന്റെ റേക്കുകൾ പാലക്കാട് ഡിവിഷനു നൽകി ബാംഗ്ളൂരിൽ നിന്നും കോഴിക്കോടെക്ക് പുതിയ സർവ്വീസ് ആരംഭിക്കണമെന്ന ആവശ്യവും മന്ത്രിയോട് ഉന്നയിച്ചിട്ടുണ്ട്. വന്ദേ ഭാരത് ഓടിക്കുമ്പോൾ സാധാരണ യാത്രക്കാർ നോക്കുകുത്തികൾ ആവാതിരിക്കാനുളള നടപടികൾ ആവശ്യപ്പെട്ടു.
മുന്നോട്ട് വെച്ച ആവശ്യങ്ങൾ പരിഗണിക്കാൻ ബന്ധപ്പെട്ട റയിൽവേ അധികൃതർക്ക് നിർദ്ദേശം നൽകുമെന്ന് റെയിൽവേ മന്ത്രിയും, ബോർഡ് ചെയർ പേഴ്സണും കൂടികാഴ്ചക്ക് ശേഷം അറിയിച്ചു. ആവശ്യങ്ങൾ യാഥാർഥ്യമാകുന്നത് വരെ ഇടപെടലുകൾ തുടരുമെന്നും എം.കെ. രാഘവൻ എം.പി ഫേസ്ബുക്കിലൂടെ അറിയിച്ചു.