പിണറായി കാലത്ത് 15 റവന്യു ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തു എന്ന് റവന്യു മന്ത്രി കെ. രാജൻ. മുൻസർക്കാരിൻ്റെ കാലം മുതൽ നാളിതുവരെ ആത്മഹത്യ ചെയ്ത റവന്യു ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ അഡ്വ.എം. വിൻസൻ്റ് എംഎൽഎ ആണ് നിയമസഭയിൽ ഉന്നയിച്ചത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ആണ് ആത്മഹത്യ കൂടുതൽ. 4 പേർ വീതം ഇരു ജില്ലകളിലും ആത്മഹത്യ ചെയ്തു. കണ്ണൂർ ജില്ലയിൽ 2 പേരാണ് ആത്മഹത്യ ചെയ്തത്. പത്തനംതിട്ട, മലപ്പുറം , കാസർഗോഡ് , പാലക്കാട്, ഇടുക്കി ജില്ലകളിലാണ് മറ്റ് ആത്മഹത്യകൾ നടന്നത്.
ഡെപ്യൂട്ടി തഹസീൽദാർ തുടങ്ങി വിവിധ തസ്തികകളിലെ ഉദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്തത്. റവന്യു വകുപ്പ് ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിലെ സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി പരിശിലനപരിപാടികൾ നടത്തുന്നതിന് കെഎൽഡിഎം ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കെ. രാജൻ വ്യക്തമാക്കി.