KeralaNews

പ്രവര്‍ത്തിക്കാന്‍ പണമില്ല, കെഫോണ്‍ വായ്പ എടുക്കുന്നു; പലിശ 9.2 ശതമാനം | KFON

കെ ഫോണിന് പ്രവര്‍ത്തിക്കാന്‍ പണമില്ല. ഇന്ത്യന്‍ ബാങ്കില്‍ നിന്ന് വായ്പ എടുക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. 25 കോടിയാണ് വായ്പ എടുക്കുന്നത്. 5 വര്‍ഷത്തേക്കാണ് വായ്പയുടെ കാലാവധി. 8.5 ശതമാനം മുതല്‍ 9.2 ശതമാനം വരെയാണ് വായ്പയുടെ പലിശ.

വായ്പ കൊടുക്കണമെങ്കില്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കണമെന്ന് ഇന്ത്യന്‍ ബാങ്ക് നിലപാട് എടുത്തിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ ഗ്യാരണ്ടി ലഭ്യമാക്കാന്‍ ഐ.ടി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ മന്ത്രിസഭയുടെ മുമ്പാകെ ഫയല്‍ സമര്‍പ്പിച്ചത്.

മന്ത്രിസഭ അംഗികരിച്ചതോടെ ഈ മാസം 7 ന് വായ്പ എടുക്കാനുള്ള ഉത്തരവും ഇറങ്ങി. കെ ഫോണിന്റെ പ്രവര്‍ത്തനത്തിന് മൂലധനം കണ്ടെത്താന്‍ ബാങ്ക് ലോണ്‍ ലഭ്യമാക്കുക, കിഫ്ബിയില്‍ നിന്ന് ഫണ്ട് കണ്ടെത്തുക, കെ ഫോണിനെ സ്റ്റാര്‍ട്ട് അപ്പ് ആയി അംഗികരിച്ച് വെഞ്ചര്‍ ക്യാപിറ്റല്‍ ഫണ്ട് കണ്ടെത്തുക തുടങ്ങിയ മാര്‍ഗങ്ങളാണ് തേടിയത്.

കിഫ്ബി കൈമലര്‍ത്തി എന്നാണ് ലഭിക്കുന്ന സൂചന. ഇതോടെയാണ് ബാങ്കില്‍ നിന്നും വായ്പ എടുക്കാന്‍ തീരുമാനിച്ചത്. 1000 കോടിയുടെ കെ ഫോണ്‍ പദ്ധതി 1542 കോടിയാക്കിയതിന് പിന്നില്‍ വന്‍ അഴിമതിയാണ് നടന്നത്. കെ ഫോണ്‍ അഴിമതി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

പ്രവര്‍ത്തിക്കാന്‍ പണമില്ലാതെ കടുത്ത പ്രയാസത്തിലാണ് കെ ഫോണ്‍. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്റര്‍നെറ്റ് സേവനം നല്‍കിയ വകയില്‍ കെ ഫോണിന് കിട്ടാനുള്ളത് അഞ്ചുകോടി രൂപയാണ്. പണം കിട്ടാതെ കെ ഫോണ്‍ പ്രതിസന്ധിയിലായതോടെ് എല്ലാ ഓഫീസുകളും ബില്ലടയ്ക്കണമെന്ന് ഐ.ടി വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഒരു മാസത്തെ ചെലവ് നടത്താന്‍ കെ ഫോണിനു വേണ്ടത് 15 കോടി രൂപയാണ്.

ലക്ഷ്യമിട്ട കണക്ഷനുകള്‍ നല്‍കാനാവാതെ വിമര്‍ശനമേറ്റുവാങ്ങുന്ന കെ ഫോണ്‍ പദ്ധതി കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നല്‍കിയ ഇന്റര്‍നെറ്റ് സേവനത്തിനും പണം കിട്ടുന്നില്ലെന്നതാണ് സ്ഥിതി. ഒക്ടോബര്‍ മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ ബില്ലിങ് തുടങ്ങി. ഡിസംബര്‍ വരെ മൂന്ന് മാസത്തെ ബില്ല് അഞ്ച് കോടിയുടേതാണ്. പണത്തിനായി ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സമീപിച്ചപ്പോള്‍ കൈമലര്‍ത്തി. തുടര്‍ന്നാണ് ഓരോ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രത്യേകം ബില്ലയക്കാന്‍ ഐ.ടി വകുപ്പ് നിര്‍ദേശിച്ചത്.

സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കിയ കണക്ഷനുകളില്‍ നിന്ന് മാത്രമാണ് വരുമാനം. 4300 കിലോമീറ്റര്‍ ഡാര്‍ക് ഫൈബറാണ് ഇതുവരെ വാടകയ്ക്ക് നല്‍കാനായത്. കിലോമീറ്ററിന് ശരാശരി 8000 രൂപ വച്ച് കണക്കാക്കിയാല്‍ 3.4 കോടി കിട്ടും. ഇന്റര്‍നെറ്റ് ലീസ് ലൈനാണ് മറ്റൊരു പ്രധാന വരുമാന മാര്‍ഗം. ഇതില്‍ 4000 വാണിജ്യ കണക്ഷന്‍ ലക്ഷ്യമിട്ടെങ്കിലും ഇതുവരെ കിട്ടിയത് 34 എണ്ണം മാത്രമാണ്. ഇതിന്റെ നിരക്ക് ബിസിനസ് കാരണങ്ങളാല്‍ കെ ഫോണ്‍ പുറത്തുവിടില്ല.

സൗജന്യ കണക്ഷന്‍ മാത്രമല്ല, വാണിജ്യ കണക്ഷനുകളിലും ഉദ്ദേശിച്ച പുരോഗതിയില്ലെന്ന് സാരം. ചെലവാണെങ്കില്‍ കനത്തതാണ്. കിഫ്ബി നല്‍കിയ പണം പലിശസഹിതം തിരിച്ചടയ്ക്കാന്‍ മാസം എട്ടുകോടി വേണം. കെ.എസ്.ഇ.ബിക്ക് ഒരു കോടി, ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സിന് ആറുകോടി, ബാന്‍ഡ് വിഡ്ത് ചാര്‍ജ് 60 ലക്ഷം, ഓഫീസ്‌വാഹനം തുടങ്ങിയവയ്ക്ക് ഒരു കോടി എന്നിങ്ങനെയാണ് ഒരു മാസത്തെ ചെലവ്. ആകെ വേണ്ടത് 15 കോടി.

One Comment

  1. കേരള ബാങ്കിന്റെ ആപ്പടിച്ചു RBI. ഇനി വളയമില്ലാതെ ചാടാൻ പറ്റില്ല. നിലവിൽ 12 ദേശസാൽകൃത ബാങ്കുകളുള്ളതിൽ Indian Bank, amalgamation ന്റെ(ലയനത്തിന്റെ)
    വക്കിലാണ്!അതിനിടയിലാണ് സർക്കാർ ഗ്യാരണ്ടിയിൽ ലോൺ.അന്ത്യപ്പൂട്ട് വീഴുമോ?…..

Leave a Reply

Your email address will not be published. Required fields are marked *