ജീവനക്കാരുടെയും പെൻഷൻകാരുടെ ആനുകൂല്യങ്ങൾ തടഞ്ഞ കെ.എൻ. ബാലഗോപാലിൻ്റെ സാമ്പത്തിക നയം ശരിയാണോ എന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ
സർവീസ് സംഘടനകളുടെ ചുമതല എന്ത്? മുൻകാലങ്ങളിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടമായിരുന്നു സർവീസ് സംഘടനകളുടെ പ്രധാന ചുമതല. കാലം മാറിയപ്പോൾ സർക്കാർ വിലാസം സർവീസ് സംഘടനകൾ തങ്ങളുടെ ചുമതല മറ്റൊരു തലത്തിലേക്ക് ഉയർത്തി.
ചൈനയുടെ സാമ്പത്തിക നയത്തെ കുറിച്ചാണ് സഖാക്കളുടെ സർവീസ് സംഘടനയായ എൻ.ജി. ഒ യൂണിയൻ്റെ പ്രധാന ചർച്ച. ചൈനയുടെ സാമ്പത്തിക നയം ശരിയായ ദിശയിൽ അല്ലെന്നാണ് ഇവരുടെ അഭിപ്രായം. മുതലാളിത്ത പാതയിലേക്കാണ് ചൈന പോകുന്നതെന്നും സാമ്പത്തിക പരിഷ്കരണങ്ങളുമായുള്ള ഈ പോക്ക് സോഷ്യലിസ്റ്റ് സമൂഹത്തിന് നിരാശ ഉണ്ടാക്കുന്നുവെന്നാണ് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികളുടെ അഭിപ്രായം.
കോഴിക്കോട് നടന്ന എൻ. ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളത്തിലാണ് ചൈനയുടെ പോക്കിൽ സഖാക്കളുടെ വിലാപം ഉണ്ടായത്. സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ജീവനക്കാരുടെയും പെൻഷൻകാരുടെയും തടഞ്ഞ് വച്ച എല്ലാ ആനുകൂല്യങ്ങളും നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബാലഗോപാൽ ആകട്ടെ സാമ്പത്തികം മെച്ചപ്പെടുന്ന മുറക്ക് ആനുകൂല്യങ്ങൾ തരും എന്ന് പ്രഖ്യാപിച്ചു. പ്രഖ്യാപിച്ച കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമം നടത്താതെ ചൈനയുടെ പോക്കിലുള്ള നിരാശയിലാണ് സഖാക്കളെന്നാണ് പ്രതിപക്ഷ സർവീസ് സംഘടനകൾ കുറ്റപ്പെടുത്തുന്നത്.
3 വർഷത്തിനിടയിൽ കിട്ടിയത് ഒരു ഗഡു ഡി.എ മാത്രമാണ്. എൻ ജി.ഒ യൂണിയൻ്റെ സർക്കാരിലുള്ള സ്വാധിനം അറിയാൻ കിട്ടിയ ഡി.എ എത്ര ശതമാനം മാത്രമാണ് എന്ന് നോക്കിയാൽ മതിയെന്നാണ് പ്രതിപക്ഷ സർവീസ് സംഘടനകൾ പറയുന്നത്.
ചൈനയുടെ സാമ്പത്തിക നയം ശരിയല്ലെന്ന് വിലപിക്കുന്ന എൻ. ജി.ഒ യൂണിയനോട് ജീവനക്കാരുടെയും പെൻഷൻകാരുടെ ആനുകൂല്യങ്ങൾ തടഞ്ഞ കെ. എൻ ബാലഗോപാലിൻ്റെ സാമ്പത്തിക നയം ശരിയാണോ എന്നാണ് പ്രതിപക്ഷ സർവീസ് സംഘടനകളുടെ ചോദ്യം