ഗവര്‍ണറെ ഒഴിവാക്കാന്‍ കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലാ ചാന്‍സലറായി പ്രതിഫലമില്ലാതെ നിയമിച്ച മല്ലികാ സാരാഭായിക്കു വേതനമായി രണ്ടു ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കലാമണ്ഡലത്തിലെ ജീവനക്കാര്‍ക്കു ശമ്പളം പോലും കൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണു ലക്ഷങ്ങള്‍ പ്രതിഫലമായി അനുവദിച്ചിരിക്കുന്നത്. മുന്‍കാല പ്രാബല്യത്തില്‍ കുടിശിക ഓണറേറിയവും അലവന്‍സുകളുംകൂടി അനുവദിച്ചാല്‍ അരക്കോടിയോളം രൂപയെങ്കിലും ഇവര്‍ക്കായി നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ഇതുവരെ യാത്രച്ചെലവും മറ്റുസൗകര്യവുമാണ് നല്‍കിയിരുന്നത്.
സംസ്ഥാനത്തിനു സാമ്പത്തിക ബാധ്യതയുണ്ടാകില്ലെന്ന വ്യവസ്ഥയോടെ, ചാന്‍സലര്‍ പദവിയില്‍ നിന്നു ഗവര്‍ണറെ ഒഴിവാക്കി നിയമിച്ച പ്രശസ്ത നര്‍ത്തകി കൂടിയായ മല്ലികാ സാരാഭായിക്ക് ഓണറേറിയം ഇനത്തില്‍ 1.75 ലക്ഷം രൂപയും ഓഫീസ് ചെലവുകള്‍ക്കായി 25,000 രൂപയും അടക്കം രണ്ടു ലക്ഷം രൂപ വീതം നല്‍കാനാണ് സാംസ്‌കാരിക വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പോര് രൂക്ഷമായിരിക്കേയാണ് 2022 ഡിസംബറില്‍ കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലാ ചാന്‍സലറായി മല്ലികാ സാരാഭായിയെ സര്‍ക്കാര്‍ നിശ്ചയിച്ചത്. ഓരോ സര്‍വകലാശാലയിലും അതത് മേഖലയിലെ വിദഗ്ധരെ ചാന്‍സലര്‍മാരായി നിയമിക്കാന്‍ നിശ്ചയിച്ചു ബില്ലും സര്‍ക്കാര്‍ പാസാക്കിയിരുന്നു. ഇതിനിടെയായിരുന്നു കല്‍പിത സര്‍വകലാശാലയിലെ ചാന്‍സലറെ അതതു സ്‌പോണ്‍സറിംഗ് ഏജന്‍സിക്കു നിയമിക്കാമെന്ന യുജിസി വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ കലാമണ്ഡലത്തില്‍ സംസ്ഥാന സര്‍ക്കാര്‍, ഗവര്‍ണറെ ഒഴിവാക്കി മല്ലികാ സാരാഭായിയെ നിയമിച്ചത്.
കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ സ്‌പോണ്‍സറിംഗ് ഏജന്‍സി സംസ്ഥാന സര്‍ക്കാരായിരുന്നു. 2007 മുതല്‍ ഗവര്‍ണറായിരുന്നു കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലര്‍. എന്നാല്‍, ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തതിനാല്‍ മറ്റു സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ ഒഴിവാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം പരാജയപ്പെട്ടു. പിന്നീട് സര്‍വകലാശാലാ ഭേദഗതി ബില്‍ ഗവര്‍ണര്‍, രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു.
കലാമണ്ഡലത്തില്‍ ചാന്‍സലറായി പ്രതിഫലമില്ലാതെ മല്ലികാ സാരാഭായിയെ നിയമിച്ചെങ്കിലും പിന്നീട്, ഓണറേറിയം അനുവദിക്കണമെന്നാവശ്യപ്പെട്ടു കലാമണ്ഡലം രജിസ്ട്രാര്‍ സര്‍ക്കാരിനു കത്തു നല്‍കി. മൂന്നു ലക്ഷം രൂപയായിരുന്നു ഓണറേറിയമായി ആവശ്യപ്പെട്ടിരുന്നത്.
അതേസമയം, കലാമണ്ഡലം കേന്ദ്രമാക്കി സാംസ്‌കാരിക സര്‍വകലാശാല രൂപവത്കരിക്കുന്നതിന് നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുന്നുമുണ്ട്.