ട്വന്റി20 ലോകകപ്പിൽ സൂപ്പർ എട്ടിലെ അവസാന മത്സരത്തിലും ജയിച്ച് ടീം ഇന്ത്യ സെമി ഫൈനലിൽ. 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയുടെ ഇന്നിങ്സ് 181ൽ അവസാനിച്ചു. 43 പന്തിൽ 76 റൺസ് നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്‍റെ ടോപ് സ്കോറർ. 24റൺസിനാണ് ഇന്ത്യയുടെ ജയം. ഗ്രൂപ്പ് 1ൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ബർത്ത് ഉറപ്പിച്ചത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സുപ്പർ താരം വിരാട് കോഹ്ലിയെ തുടക്കത്തിൽ നഷ്ടമായെങ്കിലും രോഹിത് മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. നേരിട്ട അഞ്ചാം പന്തിൽ ടിം ഡേവിഡിന് ക്യാച്ച് നൽകിയ കോഹ്ലി സംപൂജ്യനായാണ് മടങ്ങിയത്. മികച്ച ഫോമിൽ കളിച്ച രോഹിത് മിച്ചൽ സ്റ്റാർക് എറിഞ്ഞ മൂന്നാം ഓവറിൽ നാല് സിക്സും ഒരു ഫോറുമാണ് അടിച്ചുകൂട്ടിയത്. ആദ്യ അഞ്ചോവറിൽ 52 റൺസാണ് ഇന്ത്യ നേടിയത്.

ഇതിൽ അൻപതും രോഹിത്തിന്‍റെ സംഭാവനയായിരുന്നു. കേവലം 19 പന്തിലാണ് ഇന്ത്യൻ നായകൻ അർധ ശതകം കണ്ടെത്തിയത്. പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 60 എന്ന നിലയിലായിരുന്നു ഇന്ത്യ. മാർകസ് സ്റ്റോയിനിസ് എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്ത് ഉയർത്തിയടിക്കാനുള്ള ശ്രമത്തിനിടെ ഋഷഭ് പന്ത് പുറത്തായി. ലോങ് ഓഫിൽ ജോഷ് ഹെയ്സൽവുഡ് പിടിച്ചാണ് താരം പവലിയനിലേക്ക് മടങ്ങിയത്.

പിന്നാലെയിറങ്ങിയ സൂര്യകുമാർ യാദവും താളം കണ്ടെത്തിയതോടെ 8.4 ഓവറിൽ ടീം സ്കോർ 100 കടന്നു. ആദ്യ പത്തോവറിൽ 114 റൺസാണ് ഇന്ത്യ നേടിയത്. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന രോഹിത് 12-ാം ഓവറിൽ മിച്ചൽ സ്റ്റാർക്കിന്‍റെ പന്തിൽ ക്ലീൻ ബൗൾഡായി. 41 പന്തിൽ എട്ട് സിക്സും ഏഴ് ഫോറും സഹിതം 92 റൺസാണ് താരം അടിച്ചുകൂട്ടിയത്. ശിവം ദുബെയെ ഒപ്പം കൂട്ടിയ സൂര്യകുമാർ 13.4 ഓവറിൽ ടീം സ്കോർ 150 കടത്തി. എന്നാൽ രണ്ടോവർ പിന്നിടുന്നതിനിടെ വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിന് ക്യാച്ച് സമ്മാനിച്ച് സൂര്യ മടങ്ങി.

16 പന്തിൽ 31 റൺസ് നേടിയ താരത്തെ മിച്ചൽ സ്റ്റാർക്കാണ് കൂടാരം കയറ്റിയത്. ഇതോടെ ഇന്ത്യ 14.3 ഓവറിൽ നാലിന് 159 എന്ന നിലയിലായി. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേർന്ന് ടീം സ്കോർ 200 കടത്തുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് ഓപ്പണർ ഡേവിഡ് വർണറെ ആദ്യ ഓവറിൽ നഷ്ടമായി. ആറ് റൺസ് നേടിയ വാർണർ അർഷ്ദീപ് സിങ്ങിന്‍റെ പന്തിൽ സൂര്യകുമാറിന് ക്യാച്ച് നൽകിയാണ് കൂടാരം കയറിയത്.

രണ്ടാം വിക്കറ്റിൽ ഒന്നിച്ച ട്രാവിസ് ഹെഡും മിച്ചൽ മാർഷും ചേർന്ന് ആറാം ഓവറിൽ സ്കോർ 50 കടത്തി. പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 65 റൺസാണ് ഓസീസ് നേടിയത്. ഒമ്പതാം ഓവറിലെ അവസാന പന്തിൽ മിച്ചൽ മാർഷ് (28 പന്തിൽ 37) പുറത്തായി. ബൗണ്ടറി ലൈനിൽ അവിശ്വനീയ ക്യാച്ച് എടുത്ത് അക്ഷർ പട്ടേലാണ് മാർഷിനെ മടക്കിയത്. കുൽദീപ് യാദവിനാണ് വിക്കറ്റ്. പിന്നാലെ ട്രാവിസ് ഹെഡ് അർധ ശതകം പൂർത്തിയാക്കി.

24 പന്തിലാണ് താരം ഹാഫ് സെഞ്ച്വറി കണ്ടെത്തിയത്. ഓസീസ് ബാറ്റർമാർ മികച്ച മുന്നേറ്റം തുടരുന്നതിനിടെ, 14-ാം ഓവറിൽ ഗ്ലെൻ മാക്സ്വെലിനെ ക്ലീൻ ബോൾഡാക്കി കുൽദീപ് ഇന്ത്യൻ പ്രതീക്ഷകൾ വീണ്ടും സജീവമാക്കി. 12 പന്തിൽ 20 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. തൊട്ടടുത്ത ഓവറിൽ മാർക്കസ് സ്റ്റോയിനിസും (രണ്ട്) വീണു.

അക്ഷർ പട്ടേലാണ് ഇത്തവണ ഓസീസിന് പ്രഹരമേൽപ്പിച്ചത്. 17-ാം ഓവറിൽ അപകടകാരിയായ ഹെഡിനെ ജസ്പ്രീത് ബുമ്ര, രോഹിത് ശർമയുടെ കൈകളിലെത്തിച്ചു. 43 പന്തിൽ നാല് സിക്സും ഒമ്പത് ഫോറും സഹിതമാണ് താരം 76 റൺസ് നേടിയത്. ടിം ഡേവിഡ് (15), മാത്യു വെയ്ഡ് (1), പാറ്റ് കമിൻസ് (11), മിച്ചൽ സ്റ്റാർക് (4) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ.