തിരുവനന്തപുരം: ടി.പി. വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കി വിട്ടയാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും വേണമെങ്കിലും സബ്മിഷനായി ഉന്നയിക്കാമെന്നുമാണ് സ്പീക്കര്‍ നിലപാട് സ്വീകരിച്ചത്. സ്പീക്കറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് അടിയന്തര പ്രമേയ നോട്ടീസ് തള്ളിയത്.
പ്രതികള്‍ക്ക് ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ വഴിവിട്ട് ഇടപെടുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. എന്നാല്‍ സ്പീക്കറിനെ ഉപയോഗിച്ചുതന്നെ സര്‍ക്കാര്‍ തള്ളുകയായിരുന്നു. ചര്‍ച്ചക്കെടുത്താതതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തി. നിങ്ങള്‍ക്ക് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.
പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കണമെന്ന് ജയില്‍ സൂപ്രണ്ട് നിര്‍ദ്ദേശിച്ച രേഖ തെളിവായി ഉണ്ടെന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷ നേതാവ് അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനെതിരെ എഴുന്നേറ്റ് നിന്ന് സംസാരിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ സംസാരം തടസ്സപ്പെടുത്തുകയും മൈക്ക് ഓഫ് ചെയ്യുകയും ചെയ്തു.