നേരിട്ടത് 5 പന്തുകൾ. റൺസ് 0. ഇതാണ് ഇന്ത്യൻ ഓപ്പണർ വിരാട് കോഹ്ലിയുടെ ഇന്നത്തെ സമ്പാദ്യം. ടി20 ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും ഓപ്പണർ എന്ന നിലയിൽ വിരാട് കോഹ്ലി പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത് വരെയും അതിൽ ഒരു മാറ്റം വരുത്താനോ, കോഹ്ലിയെ മൂന്നാമനായി ഇറക്കി സ്വതസിദ്ധമായ രീതിയിൽ കളിക്കാനോ അനുവദിച്ചില്ല. ഇന്നും സമാനമായിരുന്നു സ്ഥിതി.

ആദ്യം മിച്ചൽ സ്റ്റാർക് ബൗൾ ചെയുന്നു, പിന്നാലെ ഹെയ്സൽ വുഡ്. ഉയർത്തി അടിക്കാൻ ശ്രമിച്ച കോഹ്ലിയെ മനോഹരമായ റണ്ണിംഗ് ക്യാച്ചിലൂടെ ടിം ഡേവിഡ് പുറത്താക്കുന്നു.

ടി20 ലോകകപ്പിൽ ഓപ്പണർ ആയുള്ള വിരാട് കോലിയുടെ പ്രകടനം ഒന്നിനൊന്നു മോശമാവുകയാണ്. ഐപിഎലിൽ ഓപ്പണറായി എന്ന പരിഗണനയിൽ ഓപ്പണിങ് റോളിൽ എത്തിയ വിരാട് കോലിക്ക് അമേരിക്കന്‍ പിച്ചിനോട് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല. വലിയ വിമർശനമാണ് ഇതിന് പിന്നാലെ ഉയരുന്നത്.

വൺഡൗൺ ആയിരുന്ന കോഹ്ലിയെ എന്ത് കൊണ്ട് ഒപ്പണറാക്കി എന്നാണ് ആരാധകരുടെ ചോദ്യം. പരീക്ഷണം പാളിയിട്ടും വീണ്ടും അതെ പൊസിഷനിൽ കോഹ്ലിയെ ഇറക്കുന്നത് വൺഡൗൺ സ്ഥാനം മാറ്റാർക്കോ ഒരുക്കാൻ വേണ്ടിയെന്ന വിമർശനവും ശക്തമാക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്. പരീക്ഷണങ്ങൾ മതിയായില്ലേ? കോഹ്ലിയുടെ കരിയർ വെച്ചാണോ കളിക്കുന്നത്? എന്നതടക്കമുള്ള ചോദ്യങ്ങൾ ഇതിനോടകം ഉയർന്നു കഴിഞ്ഞു.