
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യുവതിക്ക് സുഖപ്രസവം: 35,000 അടി ഉയരത്തിൽ ഒരു ‘മാലാഖ’
മുംബൈ: ആകാശത്ത് ഒരു കൺമണി പിറന്നു. മസ്കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വെച്ച് തായ്‌ലൻഡ് സ്വദേശിനിയായ യുവതിക്ക് സുഖപ്രസവം. യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക്, വിമാനത്തിലെ ജീവനക്കാരും യാത്രക്കാരിൽ ഒരാളായ നഴ്സും ചേർന്നാണ് സഹായം നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
യാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന ആരംഭിച്ചതോടെ, വിമാനത്തിലെ ജീവനക്കാർ ഉടൻ തന്നെ പ്രവർത്തനസജ്ജരായി. പരിശീലനം ലഭിച്ച കാബിൻ ക്രൂ, യാത്രക്കാരിൽ ഒരാളായ നഴ്സിന്റെ സഹായത്തോടെ പ്രസവത്തിന് ആവശ്യമായ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കി. ഇതേസമയം, പൈലറ്റുമാർ മുംബൈ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് അടിയന്തര ലാൻഡിംഗിന് അനുമതി തേടി.
വിമാനം ലാൻഡ് ചെയ്യുമ്പോൾ തന്നെ, അടിയന്തര മെഡിക്കൽ സംഘവും ആംബുലൻസും വിമാനത്താവളത്തിൽ തയ്യാറായിരുന്നു. ലാൻഡിംഗിന് ശേഷം, അമ്മയെയും കുഞ്ഞിനെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
“ഞങ്ങളുടെ ടീമിന്റെ തയ്യാറെടുപ്പ് മാത്രമല്ല, അനുകമ്പയുടെയും കൂട്ടായ പ്രവർത്തനത്തിന്റെയും മനോഭാവം കൂടിയാണ് ഈ അസാധാരണ നിമിഷം ഉയർത്തിക്കാട്ടുന്നത്,” എന്ന് എയർ ഇന്ത്യ എക്സ്പ്രസ് പ്രസ്താവനയിൽ പറഞ്ഞു. യാത്രക്കാരിക്ക് തുടർന്നും ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി, മുംബൈയിലെ തായ്‌ലൻഡ് കോൺസുലേറ്റുമായി ബന്ധപ്പെട്ടുവരികയാണെന്നും എയർലൈൻ അറിയിച്ചു.