ഇന്ത്യൻ ക്രിക്കറ്റിലെ അതികായനായ സച്ചിൻ തെണ്ടുൽക്കർ റെക്കോർഡുകൾ മറികടക്കുന്നത് കായിക ലോകത്തിന് പുത്തരി ആയിരുന്നില്ല. പിന്നാലെ വിരാട് കോഹ്ലി ആ റോൾ ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ താരമാകുന്നത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് നായിക സ്മൃതി മന്ദാനയാണ്.
ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ ഏകദിന പരമ്പരയിൽ പുതിയ ലോക റെക്കോഡ് കുറിച്ചിരിക്കുകയാണ് സ്മൃതി മന്ഥാന. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും തകർപ്പൻ സെഞ്ച്വറികളടിച്ച് ഏഴ് ശതകം നേടിയ മിഥാലി രാജിന്റെ ഇന്ത്യൻ റെക്കോഡിനൊപ്പമെത്തിയ താരം, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന പോരാട്ടത്തിൽ 83 പന്തിൽ 90 റൺസ് നേടിയാണ് ലോകറെക്കോഡിലേക്ക് ബാറ്റുയർത്തിയത്.
മൂന്ന് മത്സരങ്ങളടങ്ങിയ ദ്വിരാഷ്ട്ര പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വനിത താരമെന്ന നേട്ടമാണ് സ്മൃതി സ്വന്തമാക്കിയത്. പരമ്പരയിൽ ഉടനീളം മികച്ച ഫോമിൽ ബാറ്റ് ചെയ്ത സ്മൃതി മന്ദാന ടീമിനെ ജയത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ആദ്യ ഏകദിനത്തിൽ 117 റൺസടിച്ച 27കാരി രണ്ടാം ഏകദിനത്തിൽ 136 റൺസ് നേടിയിരുന്നു. 343 റൺസാണ് ടൂർണമെന്റിലെ ആകെ സമ്പാദ്യം.
ഒരു വിക്കറ്റും നേടിയ സ്മൃതി ടൂർണമെന്റിന്റെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്മൃതിയുടെ ഈ നേട്ടം പല താരങ്ങളുടെയും റെക്കോർഡുകളെ പഴങ്കഥയാക്കി. ഈ വർഷമാദ്യം ശ്രീലങ്കക്കെതിരായ പരമ്പരയിൽ 335 റൺസടിച്ച വെസ്റ്റിൻഡീസിന്റെ ലോറ വോൾവാർട്ടിന്റെ റെക്കോഡാണ് ഇന്ത്യക്കാരി പഴങ്കഥയാക്കിയത്. വനിത ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3500 റൺസ് നേടിയവരുടെ പട്ടികയിൽ മൂന്നാമതും സ്മൃതി എത്തി.
85 ഇന്നിങ്സുകളിൽനിന്നാണ് താരം 3500 കടന്നത്. ആസ്ട്രേലിയൻ ഇതിഹാസ താരങ്ങളായ ബെലിൻഡ ക്ലാർക്ക് , മേഗ് ലാനിങ് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 3500 റൺസ് കടക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റർ കൂടിയാണ് സ്മൃതി. മിഥാലി രാജ്, ഹർമൻപ്രീത് കൗർ എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയവർ. മിഥാലിയുടെ സമ്പാദ്യം 7805 റൺസാണെങ്കിൽ 3585 റൺസിലെത്തിയ സ്മൃതി ഇന്ത്യയുടെ റൺവേട്ടക്കാരിൽ രണ്ടാമതാണ്.