ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്
മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്ററിന് മൂന്ന് മാസത്തെ വാടക അനുവദിച്ചു (Pinarayi Vijayan Helicopter). 2,40,00,000 രൂപയാണ് വാടകയായി അനുവദിച്ചത്. ഈ മാസം 22നാണ് തുക അനുവദിച്ച് ഉത്തരവിറങ്ങിയിരിക്കുന്നത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി അധിക ഫണ്ടായാണ് കെ.എന്‍. ബാലഗോപാല്‍ തുക അനുവദിച്ചത്. ഉത്തരവ് മലയാളം മീഡിയ പുറത്തുവിടുന്നു.
ഹെലികോപ്റ്ററിന്റെ മൂന്ന് മാസത്തെ വാടക ആവശ്യപ്പെട്ട് മെയ് 6 ന് സംസ്ഥാന പോലിസ് മേധാവി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പണം അടിയന്തിരമായി അനുവദിക്കാന്‍ മെയ് 15 ന് മുഖ്യമന്ത്രി കെ.എന്‍. ബാലഗോപാലിന് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് അധിക ഫണ്ട് അനുവദിച്ചത്.
ക്ഷേമ പെന്‍ഷന്‍, ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ അടക്കം കുടിശിക ആയിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിനായി കോടികള്‍ ചെലവഴിക്കുന്നത്. സര്‍ക്കാരിന്റെ മുന്‍ഗണന മുഖ്യമന്ത്രിയുടെ സുഖ സൗകര്യങ്ങള്‍ക്ക് മാത്രമാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
ഡല്‍ഹി ആസ്ഥാനമായ ചിപ്‌സണ്‍ ഏവിയേഷനില്‍ നിന്ന് കേരളാ പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററാണ് മുഖ്യമന്ത്രിയുടെ യാത്രാ ആവശ്യത്തിനായി ഉപയോഗിക്കുന്നത്. 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷംരൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 90,000 രൂപയുമാണ് ഹെലികോപ്റ്റര്‍ വാടക. സാമ്പത്തിക പ്രയാസത്തിനിടെ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
മാവോവാദി നിരീക്ഷണം, ദുരിതാശ്വാസ പ്രവര്‍ത്തനം തുടങ്ങി പോലീസിന്റെ ആവശ്യങ്ങള്‍ക്കായാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതെന്നാണ് അന്ന് അധികൃതര്‍ നല്‍കിയ വിശദീകരണം.