റെക്കോർഡുകൾ കടപുഴകി വീഴുകയാണ് ഈ 39 കാരന്റെ മുന്നിൽ. യൂറോ കപ്പ് സീസൺ അവസാനിക്കുമ്പോൾ ഒരുപിടി റെക്കോർഡുകളുമായാകും താരം കളം വിടുക.
യൂറോ കപ്പിൽ ഗോളിൽ മാത്രമല്ല അസിസ്റ്റിലും ഒന്നാമതായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ തുർക്കിക്ക് എതിരായ മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഗോൾ അസിസ്റ്റ് ചെയ്തതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകുന്ന താരമായി മാറി.
ഈ അസിസ്റ്റ് റൊണാൾഡോയുടെ യൂറോ കപ്പ് കരിയറിലെ എട്ടാമത്തെ അസിസ്റ്റ് ആയിരുന്നു. ഇത്രയും അസിസ്റ്റ് നേടിയ വേറെ ഒരു താരവും യൂറോകപ്പിൽ ഇല്ല. യൂറോകപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടിയ താരമെന്ന് റെക്കോർഡ് മുന്‍ ചെക്ക് റിപ്പബ്ലിക് താരം കരേല്‍ പോബോസ്‌കിയാണ് കൈവശം വെച്ചിരുന്നത്.
അത് ഇനി റോണോയ്ക്ക് സ്വന്തം. അവിടെയും തീർന്നില്ല ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ച താരവുമാണ്. യൂറോ കപ്പിൽ 14 ഗോളുകൾ റൊണാൾഡോയുടെ പേരിലുണ്ട്. യൂറോപ്പിലെ പ്രധാന ടൂർണമെന്റ് ആയ ചാമ്പ്യൻസ് ലീഗിലും റൊണാൾഡോ തന്നെയാണ് ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും അടിച്ച താരം. എന്തായാലും 3-0ന് തുർക്കിയെ തോൽപ്പിച്ച് പോർച്ചുഗൽ ഇതിനകം തന്നെ യൂറോ കപ്പ് പ്രീക്വാർട്ടർ ഉറപ്പിച്ചു.