NationalNews

ISRO pushpak ; ആർഎൽവി അവസാന ലാൻഡിങ് പരീക്ഷണവും വിജയം

കർണാടകയിലെ ചിത്രദുർഗയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ (ATR) നടത്തിയ RLV LEX-02 ലാൻഡിംഗ് പരീക്ഷണത്തിലൂടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹന (RLV) സാങ്കേതികവിദ്യയുടെ മേഖലയിൽ ISRO ഒരു പ്രധാന നാഴികക്കല്ല് കൈവരിച്ചു. ബഹിരാകാശത്തു പോയി വരാനുള്ള ഇന്ത്യയുടെ ‘ടാക്സി റോക്കറ്റ്’ ആർഎൽവിയുടെ അവസാന ലാൻഡിങ് പരീക്ഷണം വിജയം. പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ (റീ–യൂസബിൾ ലോഞ്ച് വെഹിക്കിൾ) ആദ്യ രണ്ടു പരീക്ഷണങ്ങളും വിജയകരമായിരുന്നു. മൂന്നാം പരീക്ഷണമാണ് (ആർഎൽവി ലെക്സ്–03) ഇന്നു കർണാടകയിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ രാവിലെ 7.10ന് നടന്നത്.

അടുത്ത ഘട്ടം ബഹിരാകാശത്തു പോയി മടങ്ങിയെത്തുന്ന വാഹനത്തെ (ഓർബിറ്റൽ റീ എൻട്രി വെഹിക്കിൾ – ഒആർവി) ഭൂമിയിലിറക്കുന്ന പരീക്ഷണങ്ങളാണ്. വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാവുന്ന വാഹനം എന്ന പേര് നിലനിർത്തി, ആദ്യതവണ മുതൽ ഒരേ വാഹനം തന്നെയാണ് ലാൻഡിങ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്.

വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററിലാണ് ‘പുഷ്പക്’ എന്നു പേരിട്ടിരിക്കുന്ന ആർഎൽവിയെ ലാൻഡിങ് പരീക്ഷണം തുടങ്ങുന്ന അന്തരീക്ഷത്തിലേക്കു കൊണ്ടു പോയത്. തുടർന്ന്, തറനിരപ്പിൽ നിന്ന് 4.5 കിലോമീറ്റർ ഉയരത്തിലും ഇറങ്ങേണ്ട റൺവേയിൽ നിന്ന് 4 കിലോമീറ്റർ ദൂരത്തിലും ആർഎൽവിയെ ഹെലികോപ്റ്റർ വിട്ടയച്ചു. അവിടെ നിന്ന് 500 മീറ്റർ ദൂരം മാറി സഞ്ചരിച്ച് ആർഎൽവി റൺവേയിലേക്ക് നേരിട്ട് ഇറങ്ങാവുന്ന ദിശയിലേക്കെത്തി. ദിശ കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന പുതിയ ദിശാ സൂചക (ഗൈഡൻസ്) ആൽഗരിതം വിക്രം സാരാഭായ് സ്പേസ് സെന്റർ വികസിപ്പിച്ചിട്ടുണ്ട്.

ജെ.മുത്തു പാണ്ഡ്യനാണ് മിഷൻ ഡയറക്ടർ. വെഹിക്കിൾ ഡയറക്ടർ ബി.കാർത്തിക്. ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്, വിഎസ്എസ്‌സി ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻ നായർ എന്നിവർ ദൗത്യം നിറവേറ്റിയ ടീമിനെ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *