കാൽപന്ത് ആരാധകരെ ത്രസിപ്പിക്കുന്ന മത്സരം നടക്കാൻ ഇനി മണിക്കൂറുകൾ മാത്രം.
യൂറോ കപ്പില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ പോര്‍ച്ചുഗലും തുര്‍ക്കിയും ആണ് നേര്‍ക്കുനേര്‍ എത്തുകയാണ്.
ആദ്യ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത ആത്മവിശ്വാസവുമായാണ് പറങ്കിപ്പട ഇന്ന് കളത്തിലിറങ്ങുന്നത്. മറുഭാഗത്ത് ജോര്‍ജിയയെ വീഴ്ത്തിയാണ് തുര്‍ക്കി എത്തുന്നത്. ഇരു ടീമുകൾ തമ്മിലുള്ള മത്സരം എന്നതിലുപരി റൊണാൾഡോ എന്ന അമാനുഷികനിലേക്കാണ് എല്ലാ കണ്ണുകളും നീളുന്നത്.സിഗ്‌നല്‍ ഇഡ്യൂന പാര്‍ക്കില്‍ വെച്ച് നടക്കുന്ന ഈ മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്.
തുർക്കിക്കെതിരെയുള്ള മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് രണ്ട് അസിസ്റ്റുകള്‍ നേടാന്‍ സാധിച്ചാല്‍ യൂറോകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന താരം എന്ന നേട്ടം സ്വന്തം പേരില്‍ കുറിക്കാം. നിലവില്‍ യൂറോകപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടിയ താരം മുന്‍ ചെക്ക് റിപ്പബ്ലിക് താരം കരേല്‍ പോബോസ്‌കിയാണ്. എട്ട് അസിസ്റ്റുകളാണ് താരം നേടിയിട്ടുള്ളത്.
അതുകൊണ്ടുതന്നെ നിലവില്‍ ഏഴ് അസിസ്റ്റുകള്‍ നേടിയ റൊണാള്‍ഡോക്ക് രണ്ട് അസിസ്റ്റുകള്‍ കൂടി നേടിയാല്‍ യൂറോപ്പില്‍ ചരിത്രം കുറിക്കാം. ഇതിനോടകം തന്നെ ആദ്യ മത്സരത്തില്‍ റിപ്പബ്ലിക്കിനെതിരെയും റൊണാള്‍ഡോ ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആറ് വ്യത്യസ്ത പതിപ്പുകളില്‍ കളിക്കുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടമായിരുന്നു റൊണാള്‍ഡോ സ്വന്തമാക്കിയത്.
ഇതിന് മുമ്പ് 2004, 2008, 2012, 2016, 2021 എന്നീ വര്‍ഷങ്ങളില്‍ നടന്ന യൂറോ കപ്പുകളിലാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ബൂട്ട് കെട്ടിയത്. യൂറോകപ്പിന് മുന്നോടിയായി നടന്ന അവസാന സൗഹൃദ മത്സരത്തില്‍ അയര്‍ലാന്‍ഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പറങ്കിപ്പട വിജയിച്ചിരുന്നു. ആ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിക്കൊണ്ട് തകര്‍പ്പന്‍ പ്രകടനമായിരുന്നു റൊണാള്‍ഡോ നടത്തിയത്.
ഈ സീസണില്‍ സൗദി വമ്പന്‍മാരായ അല്‍ നസറിന് വേണ്ടി മിന്നും പ്രകടനമാണ് റൊണാള്‍ഡോ നടത്തിയത്. ഈ മിന്നും പ്രകടനം തുര്‍ക്കിക്കെതിരെയും ആവര്‍ത്തിക്കുമെന്നാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്. ആവർത്തിച്ചാൽ യൂറോപ്പിലെ ഏകാധിപതിയായി റോണോ അവരോധിക്കപ്പെടും.