കൊട്ടിഘോഷിച്ച കാരവൻ ടൂറിസം പദ്ധതി ഇഴയുന്നു. 2021 ൽ പ്രഖ്യാപിച്ച കാരവൻ ടൂറിസത്തിൻ്റെ ഭാഗമായത് 13 കാരവനുകൾ മാത്രം. 7.50 ലക്ഷം രൂപ ഓരോ സംരംഭകർക്ക് സബ്സിഡിയും നൽകി. ആ വകയിൽ 97.50 ലക്ഷം ചെലവായി.

പദ്ധതിയുടെ പരസ്യത്തിന് 94.95 ലക്ഷം ചെലവായെന്നും മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. വീഡിയോ ഫോട്ടോ പ്രൊഡക്ഷന് 59 ലക്ഷവും സോഷ്യൽ മീഡിയ പ്രൊമോഷന് 35.39 ലക്ഷവും ലഘുലേഖ ബ്രോഷറുകൾക്ക് 55,795 രൂപയും നൽകിയെന്നും എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യത്തിന് റിയാസ് മറുപടി നൽകി.

മൂന്ന് പതിറ്റാണ്ടിന് ശേഷം കേരള ടൂറിസം പദ്ധതി സംഭാവന ചെയ്ത ഉൽപന്നമാണ് കാരവൻ ടൂറിസം പദ്ധതിയെന്നായിരുന്നു റിയാസിൻ്റെ അവകാശവാദം. കെറ്റിഡിസിയുമായി സഹകരിച്ച് കാസർഗോഡ് ബേക്കലിലും എറണാകുളത്ത് ബോൾഗാട്ടി പാലസിലും കാരവൻ പാർക്കുകൾ തുടങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടന്നത് ഭരണാനുമതി മാത്രം.