തിരുവനന്തപുരം: മാനന്തവാടി എംഎല്‍എ ഒ.ആർ. കേരള രണ്ടാം പിണറായി മന്ത്രിസഭയിലേക്ക്. പട്ടിക ജാതി, പട്ടിക വര്‍ഗ വകുപ്പ് മന്ത്രിയാകും സിപിഎം സംസ്ഥാന സമിതിയംഗമാണ്. കെ. രാധാകൃഷ്ണൻ മന്ത്രിസഭയില്‍ നിന്ന് മാറിയ ഒഴിവിലേക്കാണ് കേളുവിൻ്റെ നിയമനം.വയനാട് രൂപീകരിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ സിപിഎം മന്ത്രിയാണ് ഇദ്ദേഹം. കുറിച്യ സമുദായാംഗമാണ് ഒആർ കേളു.
വകുപ്പുകളിൽ മാറ്റം
രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം എം.ബി. രാജേഷും കൈകാര്യം ചെയ്യും. വയനാട് ജില്ലയിൽനിന്ന് സിപിഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവായിരുന്നു ഒ.ആർ. കേളു.
കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയരമാൻ കൂടിയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയിൽ കേളു സജീവ സാന്നിധ്യമാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്ന് 2000ല്‍ ഗ്രാമപഞ്ചായത്ത് അംഗമായാണ് തുടക്കം. തുടര്‍ന്ന് 2005ലും 2010ലുമായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി. പിന്നീട് 2015ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോല്‍പിച്ച് മാനന്തവാടി നിയോജക മണ്ഡലം എംഎൽഎയായി. 2021ലും വിജയം ആവർത്തിച്ചു.