
നവകേരള സദസ്സിന് 519 പേരെ കരുതല്‍ തടങ്കലിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും കേരളമാകെ സഞ്ചരിച്ച പ്രചാരണ പരിപാടിയായ നവകേരള സദസ്സിന് 519 പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ കരുതൽ തടങ്കലിൽ വച്ചെന്ന് മുഖ്യമന്ത്രി.
പ്രതിഷേധിച്ച 1491 പേരെ അറസ്റ്റ് ചെയ്തുവെന്നും 33 പേരെ ജയിലിൽ അടച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോകസഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് നവകേരള സദസും അതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും കാരണമായി എന്ന് സി പി എം വിലയിരുത്തിയിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് എന്ന മട്ടിൽ അവതരിപ്പിച്ച നവകേരള സദസ് ആക്രമ സദസ് ആയി മാറുകയായിരുന്നു. നവകേരള സദസ് യാത്രക്ക് വാങ്ങിയ ആഡംബര ബസ് നിരവധി ട്രോളുകൾക്ക് വിധേയമായി. ബസ് മ്യൂസിയത്തിൽ വയ്ക്കും എന്ന എ.കെ ബാലൻ്റെ പ്രഖ്യാപനവും, ബസ് കയറാൻ നിരവധി സ്കൂളുകളുടെ മതിൽ തകർത്തതും സർക്കാരിൻ്റെ പ്രതിച്ഛായ തകർത്തു.
മുഖ്യമന്ത്രിയും സംഘവും പരിപാടിക്ക് എത്തുന്നതിൻ്റെ തലേദിവസം പ്രതിപക്ഷ പ്രവർത്തകരെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ പേരെ കരുതൽ തടങ്കലിൽ വച്ചത്. 116 പേരെയാണ് മലപ്പുറത്ത് കരുതൽ തടങ്കലിൽ വച്ചത്.

