സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരോടും അധ്യാപകരോടും പെന്‍ഷന്‍കാരോടും ഈ സര്‍ക്കര്‍ ചെയ്യുന്ന ക്രൂരമായ അവഗണനയാണ് സഭയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്.
പുതിയ പേ കമ്മിഷന്റെ ശിപാര്‍ശകള്‍ ജൂലൈ ഒന്നിന് മുന്‍പ് നടപ്പാക്കേണ്ടതാണ്. പുതിയ പേ കമ്മിഷനെ ഇതുവരെ നിയമിച്ചിട്ടില്ല. അഞ്ച് വര്‍ഷം മുന്‍പത്തെ പേ കമ്മിഷന്റെ ശമ്പള പരിഷ്‌ക്കരണം പ്രകാരമുള്ള കുടിശിക ഇതുവരെ നല്‍കിയിട്ടില്ല. 39 മാസത്തെ ഡി.എ നല്‍കാനുണ്ട്. 21 ശതമാനത്തില്‍ രണ്ട് ശതമാനം മാത്രം നല്‍കുമെന്ന് ഉത്തരവിറക്കിയ സര്‍ക്കാര്‍ 19 ശതമാനം ഡി.എയെ കുറിച്ച് മൗനം പാലിക്കുകയും കിട്ടില്ലെന്ന സന്ദേശവുമാണ് ഉത്തരവിലൂടെ നല്‍കിയിരിക്കുന്നത്.
അഞ്ച് വര്‍ഷത്തെ ലീവ് സറണ്ടറും നല്‍കുന്നില്ല. മെഡിസെപ് പദ്ധതിയുടെ വിഹിതം ജീവനക്കാരില്‍ നിന്നും വാങ്ങി സര്‍ക്കാര്‍ ലാഭമുണ്ടാക്കുന്നതല്ലാതെ പദ്ധതിയുടെ ആനുകൂല്യം പ്രധാനപ്പെട്ട രോഗങ്ങള്‍ക്കൊന്നും കിട്ടുന്നില്ല. നല്ല ആശുപത്രികള്‍ പോലും മെഡിസെപിന്റെ ലിസ്റ്റിലില്ല.
പതിനയ്യായിരം കോടി രൂപയാണ് ക്ഷാമബത്ത കുടിശികയായി നല്‍കാനുള്ളത്. അഞ്ച് വര്‍ഷത്തെ ലീവ് സറണ്ടര്‍ ആനുകൂല്യമായി പതിനാലായിരം കോടിയും പേ റിവിഷന്‍ കുടിശികയായി ആറായിരം കോടിയുമുണ്ട്. ഇത്തരത്തില്‍ ജീവനക്കാര്‍ക്ക് മുപ്പത്തി അയ്യായിരം കോടി രൂപയാണ് കുടിശിക ഇനത്തില്‍ നല്‍കാനുള്ളത്. പെന്‍ഷന്‍കാര്‍ക്ക് 6000 കോടിയാണ് ഡി.ആര്‍ കുടിശിക.
പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശികയായി ആയിരം കോടി നല്‍കാനുണ്ട്. ജീവനക്കാര്‍ക്കും അധ്യാപര്‍ക്കും മുപ്പത്തി അയ്യായിരം കോടി രൂപയും പെന്‍ഷന്‍കാര്‍ക്ക് ഏഴായിരം കോടിയും ഉള്‍പ്പെടെ നാല്‍പ്പത്തി രണ്ടായിരം കോടി രൂപയുടെ ബാധ്യതയാണ് സര്‍ക്കാരിനുള്ളത്. ഒരു ലക്ഷത്തോളം പെന്‍ഷന്‍കാര്‍ പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശികകളൊന്നും കിട്ടാതെ മരിച്ചു. ക്രൂരമായ അവഗണനയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വ്യക്തമായ നിലപാട് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.