പങ്കാളിത്ത പെൻഷൻകാർക്ക് ഡിസിആർജി അനുവദിക്കണം: ആവശ്യവുമായി സിപിഐയുടെ സർവീസ് സംഘടന രംഗത്ത്

ജീവനക്കാരെയാകെ സര്‍ക്കാരിന് എതിരാക്കുന്ന ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് ഖേദകരമാണെന്നും ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍

പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് ഡിസിആർജി (Death-cum-Retirement Gratuity) അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍.

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ച സാഹചര്യത്തില്‍ നിലവില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ പിരിയുമ്പോള്‍ ഡിസിആര്‍ജി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരെ പൊതുവില്‍ ബാധിക്കുന്ന പൊതുവിഷയങ്ങളില്‍ ജീവനക്കാരെയാകെ സര്‍ക്കാരിന് എതിരാക്കുന്ന നിലയില്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് ഖേദകരമാണെന്നും ധനമന്ത്രിക്ക് അയച്ച് കത്തില്‍ ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ധനമന്ത്രിക്ക് അയച്ച കത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:

ശ്രീ ഷാനവാസ്. സി.എസ് എന്ന സര്‍വീസ് പെന്‍ഷണര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ കത്തില്‍ ടിയാന്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട് വിരമിക്കുന്നതിനാല്‍ ജീവനക്കാര്‍ക്ക് ഡി.സി.ആര്‍.ജി, കമ്മ്യൂട്ടേഷന്‍ എന്നീ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ല എന്ന് അറിയിച്ചിരിക്കുന്നു. പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധന സമിതി റിപ്പോര്‍ട്ട് പരിശോധിച്ച് വരുകയാണെന്നും ആയതിന്മേല്‍ അന്തിമ തീരുമാനം ആയിട്ടില്ല എന്നും കത്തില്‍ സൂചിപ്പിക്കുന്നുമുണ്ട്.

സംസ്ഥാനങ്ങളിലേയും കേന്ദ്രസര്‍ക്കാരിലേയും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട് വിരമിച്ച ജീവനക്കാര്‍ക്ക് ഡി.സി.ആര്‍.ജി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുന്നുണ്ട്. കേരളത്ത സംബന്ധിച്ചിടത്തോളം കഴിഞ്ഞ ബഡ്ജറ്റില്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ സൂചന പ്രകാരം സര്‍ക്കാര്‍ അയച്ച കത്ത് സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ്. ഈ കത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ഇടയില്‍ വലിയ ആശങ്കകള്‍ പരത്തിയിരിക്കുന്നു.

സമീപകാലത്ത് ധനകാര്യവകുപ്പ് പുറപ്പെടുവിക്കുന്ന കത്തുകളിലും ഉത്തരവുകളിലും ഇതുപോലെയുള്ള അവ്യക്തതകള്‍ കടന്നു കൂടുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം. സര്‍ക്കാര്‍ ജീവനക്കാരെ പൊതുവില്‍ ബാധിക്കുന്ന പൊതുവിഷയങ്ങളില്‍ ജീവനക്കാരെയാകെ സര്‍ക്കാരിന് എതിരാക്കുന്ന നിലയില്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ നിലയില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് ഖേദകരമാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കുവാന്‍ തത്വത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ നിലവില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ പിരിയുമ്പോള്‍ ഡി.സി.ആര്‍.ജി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു – ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ ആവശ്യപ്പെട്ടു.

Read Also:

പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് ഡിസിആര്‍ജി അനുവദിക്കില്ല: നിലപാടില്‍ മാറ്റമില്ലാതെ സര്‍ക്കാര്‍

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments