കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ ചർച്ചയായ ‘കാഫിർ സ്ക്രീൻ ഷോട്ടിൽ’ മുൻ എം.എൽ.എ കെ.കെ. ലതികക്ക് സംരക്ഷണമൊരുക്കി സി.പി.എം വീണ്ടും വിവാദത്തിൽ. പാർട്ടി വലിയ ചർച്ചയാക്കുകയും പിന്നീട് പ്രതിരോധത്തിലാവുകയും അവസാനം ഒറ്റപ്പെടുകയും ചെയ്ത ‘കാഫിർ’ വിവാദം പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കിൽ കൂടുതൽ പരിക്കേൽക്കുമെന്ന വിലയിരുത്തലാണ് പൊതുവെ പാർട്ടിയിലുണ്ടായത്.
അതിനിടെയാണ് സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ കെ.കെ. ലതികക്കൊപ്പം നിലകൊള്ളുമെന്ന് ജില്ല സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിറക്കിയത്. ഇതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് ഹൈകോടതിയിൽ നൽകിയ റിപ്പോർട്ട് സി.പി.എം വാദങ്ങൾ തള്ളുന്നതും പാർട്ടിയിലേക്ക് അന്വേഷണം നീളുമെന്ന സൂചന നൽകുന്നതുമാണ്.
തുടർന്ന് കാഫിർ സ്ക്രീൻ ഷോട്ട് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത് പ്രതിരോധത്തിലായ കെ.കെ. ലതികയെ തള്ളിപ്പറഞ്ഞ് വിഷയം അവസാനിപ്പിക്കാനുള്ള ആലോചനയാണ് ആദ്യം പാർട്ടിയിൽ നടന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാനൽ ചർച്ചയിൽ സി.പി.എം ജില്ല കമ്മിറ്റി അംഗവും കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറുമായ കെ.ടി. കുഞ്ഞിക്കണ്ണൻ ലതികയെ തള്ളി രംഗത്തുവന്നത്. വിവാദ പോസ്റ്റ് ഷെയർ ചെയ്തതിൽ ലതികക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് അദ്ദേഹം തുറന്നടിച്ചത്. എന്നാൽ, വനിത നേതാവിനെ പരസ്യമായി തള്ളിപ്പറയുന്നത് എതിരാളികൾ പാർട്ടിക്കെതിരെ ആയുധമാക്കുമെന്നുകണ്ടാണ് പ്രതിരോധമൊരുക്കാൻ തീരുമാനിച്ചത്.
തെരഞ്ഞെടുപ്പിന്റെ തലേദിവസം അമ്പാടിമുക്ക് സഖാക്കൾ -കണ്ണൂർ എന്ന ഫേസ് ബുക്ക് പേജിലാണ് ആദ്യം ‘കാഫിർ’ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ പോരാളി ഷാജി, കെ.കെ. ലതിക എന്നിവരുടെ പേജുകളിലും വന്നു. കെ.കെ. ശൈലജക്കെതിരായ കാഫിർ പരാമർശം യു.ഡി.എഫിന്റെ വർഗീയ നിലപാടെന്ന് വിശേഷിപ്പിച്ച് വലിയ പ്രചാരണമാണ് സി.പി.എം ആദ്യം നൽകിയത്. വിവാദത്തിനുപിന്നാലെ അമ്പാടിമുക്ക് സഖാക്കളും പോരാളി ഷാജിയും പോസ്റ്റ് പിൻവലിച്ചെങ്കിലും ലതിക പിൻവലിച്ചിരുന്നില്ല.
‘പ്രചാരണം ചെറുക്കും’
പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ കെ.കെ. ലതികക്കെതിരെ ചില മാധ്യമങ്ങളും രാഷ്ടീയ എതിരാളികളും നടത്തുന്ന പ്രചാരണത്തെ ചെറുക്കുമെന്ന് സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ്.
പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ വളരെ മ്ലേച്ഛമായ നിലയിൽ വർഗീയവിദ്വേഷം ആളിക്കത്തിക്കുന്ന പ്രചാരണമാണ് സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി യു.ഡി.എഫ് വടകരയിൽ നടത്തിയത്. ഇതിന്റെ തുടർച്ചയായാണ് ‘കാഫിർ’ പ്രയോഗമടങ്ങിയ പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇതിലും പരാതി നൽകി. ഇത്തരം വർഗീയ പ്രചാരണങ്ങൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന സന്ദേശത്തോടെ സമൂഹത്തെ ജാഗ്രതപ്പെടുത്താനുള്ള സദുദ്ദേശ്യ ഇടപെടലാണ് ലതികയും എൽ.ഡി.എഫും നടത്തിയത്. ലതികയെയും അതിലൂടെ സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും കരിവാരിത്തേക്കാനുള്ള നീക്കം ജനങ്ങൾ തിരിച്ചറിയുമെന്നും ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.