കേരളത്തില്‍ എത്ര സ്വർണ്ണം വിൽക്കുന്നുണ്ടെന്ന് അറിയില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍

തിരുവനന്തപുരം: കേരളത്തിൽ എത്ര ടൺ സ്വർണം പ്രതിവർഷം വിൽക്കുന്നുണ്ട്? എ പി അനിൽകുമാറിൻ്റെ നിയമസഭ ചോദ്യത്തിന് അത് തനിക്കറിയില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

നികുതി നിർണ്ണയങ്ങൾക്കോ, മറ്റ് പരിശോധനകൾക്കോ വിധേയമാകുമ്പോൾ മാത്രമാണ് സ്റ്റോക്ക് വിവരങ്ങൾ വ്യാപാരികളോട് ആവശ്യപ്പെടാറുള്ളത്. അതുകൊണ്ട് തന്നെ എത്ര ടൺ സ്വർണം വിൽക്കപ്പെടുന്നു എന്ന കണക്ക് ലഭ്യമല്ലെന്ന മറുപടിയാണ് ബാലഗോപാലിൻ്റേത്.

സ്വർണ്ണത്തിൽ നിന്നുള്ള നികുതി നഷ്ടവും നികുതി വകുപ്പിൻ്റെ പിടിപ്പ് കേടിനെക്കുറിച്ചും 2019 മുതൽ ചർച്ച ചെയ്യാൻ തുടങ്ങിയതാണ്. 2016 സാമ്പത്തിക വർഷം സ്വർണ്ണത്തിൽ നിന്നുള്ള നികുതി വരുമാനം 653 കോടി ആയിരുന്നെങ്കിൽ ഇന്ന് സ്വർണ്ണത്തിൽ നിന്ന് ലഭിക്കുന്ന നികുതി 383 കോടി മാത്രം. വാറ്റ് കാലത്ത് 5000 രജിസ്ട്രേഷൻ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് 2022-23 വരെ 10,649 പേർ രജിസ്ട്രേഷൻ വലയത്തിലുണ്ട്. ജി.ഡി പി യുടെ 7 ശതമാനം പ്രതിനിധാനം ചെയ്യുന്ന സ്വർണ്ണ വ്യവസായത്തിൽ ഏതാണ്ട് 25 ലക്ഷം ആളുകൾ പ്രവർത്തിക്കുന്നുണ്ട്.

ചെറുതും വലുതുമായ 5 ലക്ഷത്തോളം സ്ഥാപനങ്ങൾ ഈ വ്യവസായത്തിൻ്റെ ഭാഗമാണ്. ഇന്ത്യയിലെ ആഭ്യന്തര വിപണിയിൽ പ്രതിവർഷം 1000 ടൺ സ്വർണ്ണം ക്രയവിക്രയം ചെയ്യപ്പെടുമ്പോൾ അതിൻ്റെ 30% ശതമാനവും കേരളത്തിൻ്റെ സംഭാവനയാണ്. 2016-ലെ ലോക ഗോൾഡ് കൗൺസിലിൻ്റെ കണക്ക് പ്രകാരം കേരളത്തിലെ ഒരു മദ്ധ്യവർഗ്ഗ കുടുംബാംഗം ശരാശരി 320 ഗ്രാം സ്വർണ്ണം ധരിക്കുമ്പോൾ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തി ധരിക്കുന്നത് 180 ഗ്രാം മാത്രം.

കേരളത്തിൻ്റെ പ്രതിവർഷ ഉപഭോഗം 200 മുതൽ 300 ടൺ വരെ വരും. എന്നാൽ ഈ നടക്കുന്ന കച്ചവടത്തിൻ്റെ 65% ഉം നികുതി വലക്ക് പുറത്താണ്. സർക്കാർ വിവരാവകാശ നിയമപ്രകാരം പുറത്ത് വിട്ട കണക്ക് പ്രകാരം 2022 -23 ൽ സ്വർണ്ണ കച്ചവടത്തിൻ്റെ ടേണോവർ കേവലം 101668.96 കോടി മാത്രമാണ്. അതിൽ 80% ഓളം വഹിക്കുന്നത് വിരലിൽ എണ്ണാവുന്ന മുൻ നിര കച്ചവടക്കാരും. 2016 ൽ ഒരു ഗ്രാം സ്വർണ്ണത്തിൻ്റെ വില 2820 രൂപ ആയിരുന്നപ്പോൾ 653 കോടി നികുതി ലഭിച്ചപ്പോൾ ഇപ്പോൾ ഒരു ഗ്രാമിന് 6649 ആയിട്ടും സംസ്ഥാനത്തിന് ലഭിക്കുന്ന നികുതി 350 കോടി മാത്രം.

എക്കണോമിയുടെ വലുപ്പം 3 ഇരട്ടി വർദ്ധിച്ചിട്ടും നികുതി വളർച്ചയില്ല എന്ന് വ്യക്തം. കേരളത്തിലെ ഒരു പ്രധാന ജുവലറി 2014-ൽ വിറ്റ് വരവ് 66,000 കോടി ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് കാണിക്കുന്നത് 30,000 കോടിയിൽ താഴെ മാത്രം. ഇതൊക്കെ പരിശോധിക്കാൻ നികുതി വകുപ്പിന് കഴിയുന്നില്ല. കേരളത്തിലെ എൻഫോഴ്സ് മെൻ്റ് സ്കോഡുകൾ 2020- 21, 2021-22 കാലത്ത് സ്വർണ്ണ കള്ളക്കടത്ത് വ്യാപകമായി പിടി കൂടുന്നത് 2023 ൽ GST വകുപ്പ് പുനഃസംഘടിപ്പിച്ചതോടെ ഇല്ലാതായി. സ്ക്വാഡുകളുടെ എണ്ണം പകുതിയായി വെട്ടി കുറച്ച് പരിശോധനകൾ പേരിന് മാത്രമാക്കി.

2020 ആദ്യം ഈ മേഖലയിലെ നികുതി ചോർച്ച സംബന്ധിച്ച് ഇന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ അടിയന്തിര പ്രമേയത്തിലൂടെ ഈ വിഷയം ചർച്ചയാക്കുകയും അന്നത്തെ ധനമന്ത്രി തോമസ് ഐസക് നികുതി നഷ്ടം ഉണ്ടെന്നത് ശരിവെക്കുകയും ചെയ്തിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് സ്വർണ്ണ മേഖലയിലെ നികുതി വെട്ടിപ്പ് തടയണമെങ്കിൽ സ്വർണ്ണത്തിൻ്റെ നീക്കത്തിന് ഇവെയ് ബിൽ കൊണ്ട് വരണമെന്നും ഇതിന് കേന്ദ്ര അനുമതി ആവശ്യമാണെന്നും വാദിച്ചു. ഈ ആവശ്യം കേരളം GST കൗൺസിലിൽ ഉന്നയിക്കുകയും ചെയ്തു.

കേരളത്തിൻ്റെ ആവശ്യപ്രകാരം ഇന്നത്തെ ധനമന്ത്രി ചെയ്ർമാനായി ഈ വിഷയത്തെ ക്കുറിച്ച് പഠിക്കാൻ ഒരു ഗ്രൂപ്പ് ഓഫ് മിനിസ്റ്റേർസ് സമിതി രൂപികരിച്ചു. ഈ സമിതിയുടെ ശുപാർശ് GST കൗൺസിൽ ചർച്ച ചെയ്ത് കേരളം മുന്നോട്ട് വെച്ച 2 ലക്ഷം രൂപയുടെ ബിസിനസ് ടു ബിസിനസ് ഇടപാടുകൾക്ക് 2023 ആഗസ്റ്റ് മുതൽ ഇ വെയ്ബിൽ നിഷ്കർഷിച്ച് വിജ്ഞാപനം ഇറക്കി. എന്നാൽ കേരളം ഈ വിജ്ഞാപനം നടപ്പിൽ വരുത്തുവാൻ ഇനിയും തയ്യാറായിട്ടില്ല എന്നത് ഈ മേഖലയിൽ നിന്നുള്ള നികുതി വെട്ടിപ്പിനെ ചെറുക്കാൻ ഇ വെയ് ബിൽ വേണമന്ന വാദം ഇരട്ടത്താപ്പ് മാത്രമായിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്.

ഇപ്പോഴും കേരളം സ്വർണ്ണ കച്ചവടക്കാരുമായി ചർച്ച തുടരുകയാണ് എന്നാണ് വിവരം. കേരളത്തിൽ വിൽക്കുന്ന സ്വർണ്ണത്തിൻ്റെ കണക്ക് പോലും അറിയില്ലെന്ന ധനമന്ത്രിയുടെ മറുപടിയിലൂടെ നികുതി വകുപ്പിൻ്റെ നിഷ്ക്രിയത്വം ആണ് കാണിക്കുന്നത്. സ്വർണ്ണത്തിൻ്റെ നികുതിയായി ഖജനാവിൽ എത്തേണ്ട പണം പോകുന്ന വഴികൾ ചെന്നെത്തുന്നത് രാഷ്ട്രിയ നേതൃത്വത്തിൻ്റെ കീശയിലേക്ക് എന്ന് വ്യക്തം.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Joy
Joy
5 months ago

സ്വർണ്ണത്തിൻ്റെ നികുതിയായി ഖജനാവിൽ എത്തേണ്ട പണം പോകുന്ന വഴികൾ ചെന്നെത്തുന്നത് രാഷ്ട്രിയ നേതൃത്വത്തിൻ്റെ കീശയിലേക്ക് എന്ന് വ്യക്തം.