ആരിഫിനും പത്മജക്കും തക്കതായ പ്രതിഫലം: ആലോചന തുടങ്ങി ബിജെപി

പത്മജക്ക് ക്യാബിനറ്റ് പദവിക്കും ആരിഫിന് കേരളത്തില്‍ തുടര്‍ച്ചക്കും സാധ്യത

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ ബിജെപി നേതാക്കള്‍ ഹാപ്പിയാണ്. തൃശൂരില്‍ വിജയിക്കുകയും 11 നിയമസഭാ മണ്ഡലങ്ങളില്‍ ലീഡ് പിടിക്കാനും സാധിച്ചത് സംസ്ഥാനത്ത് ബിജെപി വളരുന്നതിന്റെ തെളിവായാണ് ഇവര്‍ കണക്കാക്കുന്നത്. നേട്ടത്തിലേക്ക് വഴിവെട്ടിയ വ്യക്തികള്‍ക്ക് തക്കതായ പ്രതിഫലം ആവശ്യപ്പെടുന്ന ദിവസങ്ങളാണ് ഇനിയുള്ളത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തിയ പത്മജ വേണുഗോപാലും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമുള്ള പദവികളാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ സജീവ പരിഗണനയില്‍.

ഇതിന്റെ ഭാഗമായി പത്മജ വേണുഗോപാല്‍ അടുത്തയാഴ്ച ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ കഴിഞ്ഞ സാഹചര്യത്തില്‍ പത്മജയ്ക്ക് ഉന്നതപദവി നല്‍കുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്യും.

സംസ്ഥാനത്തെ ഗവര്‍ണര്‍പദവി നല്‍കുമെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പത്മജയ്ക്കു ഗവര്‍ണര്‍പദവിയോടു താത്പര്യമില്ലെന്നാണു സൂചന. കാബിനറ്റ് പദവിയുള്ള ചുമതല ലഭിക്കുന്നതിനായിരിക്കും പത്മജ താത്പര്യം പ്രകടിപ്പിക്കുന്നത്. ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പോലുള്ള പദവി പത്മജയ്ക്കു ലഭിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. പ്രധാനമന്ത്രിയെ കാണാനുള്ള തീയതിയും സമയവും പത്മജയ്ക്കു ലഭിച്ചിട്ടുണ്ട്.

സംസ്ഥാനസര്‍ക്കാരുമായി രാഷ്ട്രീയമായും നിയമപരമായും നിരന്തരം ഏറ്റുമുട്ടുന്ന ആരിഫ് മുഹമ്മദ് ഖാന് കേരളത്തില്‍ത്തന്നെ ഗവര്‍ണര്‍ സ്ഥാനത്ത് തുടര്‍ച്ചനല്‍കാനാണ് ബിജെപി കേന്ദ്രത്തിന്റെ ആലോചന. സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുള്ള പല നടപടികള്‍ക്കും തടയിടാനും തുറന്നുകാട്ടാനും അദ്ദേഹത്തിന്റെ നിലപാടുകള്‍ സഹായിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.

സംസ്ഥാനത്ത് ബി.ജെ.പിക്ക് ഗണ്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഒരുപരിധിവരെ ഗവര്‍ണറുടെ നടപടികളും സഹായിച്ചുവെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. തുടര്‍ച്ചയുണ്ടാകുമെന്ന സൂചന ലഭിച്ചതോടെ തിരഞ്ഞെടുപ്പുകാലത്ത് നിര്‍ത്തിവെച്ചിരുന്ന നടപടികള്‍ ഗവര്‍ണറും പുനരാരംഭിച്ചു. സര്‍വകലാശാലകളുമായി ബന്ധപ്പട്ടെ പരാതികളിലും വി.സി.മാരുടെ നിയമനം സംബന്ധിച്ച പരാതികളിലും ഹിയറിങ്ങിന് രാജ്ഭവന്‍ തീയതി നിശ്ചയിച്ചു.

മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചും സര്‍ക്കാരിനെ ഔദ്യോഗികകാര്യങ്ങളില്‍പോലും മുള്‍മുനയില്‍ നിര്‍ത്തിയും ഗവര്‍ണര്‍ സമ്മര്‍ദത്തിലാക്കിയപ്പോള്‍ പ്രതിപക്ഷസ്വരമായി അത് വ്യാഖ്യാനിക്കപ്പെട്ടു. നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവച്ചും രാഷ്ട്രപതിക്കയച്ചുമെല്ലാം ഗവര്‍ണര്‍ സര്‍ക്കാരിനെ വീര്‍പ്പുമുട്ടിച്ചു. കോടതികളില്‍നിന്ന് ഗവര്‍ണര്‍ക്ക് തിരിച്ചടിയേറ്റ വിഷയങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും മൊത്തത്തില്‍ ബിജെപിയുടെ രാഷ്ട്രീയത്തിന് ഗുണപരമായി എന്നാണ് വിലയിരുത്തല്‍.

3 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments