ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കണമെന്ന ആവശ്യം ശക്തം
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നയപരമായ തീരുമാനമാണെന്നും ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ലഭിച്ചിരിക്കുന്ന നിവേദനങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും തീരുമാനമെന്ന് ബാലഗോപാല്‍ നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. എന്നാല്‍ ഏതൊക്കെ സംഘടനകളാണ് നിവേദനം നല്‍കിയതെന്ന് ധനമന്ത്രി വ്യക്തമാക്കിയില്ല.
2024 ജൂലൈ 1 മുതല്‍ ലഭിക്കേണ്ട ശമ്പള പരിഷ്‌കരണത്തിന് ഇതുവരെ കമ്മീഷനെ പോലും സര്‍ക്കാര്‍ നിയമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ബാലഗോപാല്‍ പറയുന്ന ഉചിതമായ സമയം ഏതെന്നാണ് ജീവനക്കാരുടെ ചോദ്യം. ലോകസഭ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്ക് കാരണങ്ങളില്‍ ഒന്ന് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ തടഞ്ഞ് വച്ചതാണെന്ന് എല്‍.ഡി.എഫ് വിലയിരുത്തിയിരുന്നു.
ജീവനക്കാരുടെ തടഞ്ഞ് വച്ചിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുമെന്ന് പ്രോഗ്രസ് റിപ്പോര്‍ട്ട് വേളയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല.19 ശതമാനം കുടിശിക ക്ഷാമബത്തയില്‍ 3 ശതമാനം നല്‍കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ധനവകുപ്പില്‍ ആരംഭിച്ചിട്ടുണ്ട്. ശമ്പള പരിഷ്കരണ കമ്മീഷനെ അടിയന്തിരമായി നിയമിക്കണമെന്നാണ് എല്‍.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ ആവശ്യപ്പെടുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തെ കുറിച്ച് സി.പി.ഐ എം എല്‍ എ ആയ മുഹമ്മദ് മുഹസിന്‍ ആണ് ബാലഗോപാലിനോട് ചോദ്യം ഉന്നയിച്ചിരിക്കുന്നത്. പരാജയ കാരണങ്ങള്‍ പഠിക്കാന്‍ പാര്‍ട്ടി യോഗങ്ങള്‍ നടക്കുകയാണ്. ശമ്പള പരിഷ്‌കരണ കമ്മീഷന്‍ വൈകില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച് അത് നടപ്പാക്കുന്നത് ഭരണത്തിന്റെ അവസാനഘട്ടത്തില്‍ മാത്രം ആയിരിക്കും എന്നതുകൊണ്ട് തന്നെ സാമ്പത്തിക ഭാരം ഈ സര്‍ക്കാരിന്റെ തലയിലേക്ക് വരുന്നില്ല. പെന്‍ഷന്‍ പരിഷ്‌കരണവും ഇതോടൊപ്പം ഉണ്ടാകും.
ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും രോഷം ശമ്പള പരിഷ്കരണ കമ്മീഷനെ വച്ചാല്‍ തണുപ്പിക്കാനും പറ്റും. അതുകൊണ്ട് തന്നെ ബാലഗോപാല്‍ പ്രഖ്യാപിച്ച ഉചിത സമയത്തിന് ഇനിയും കാത്തിരിക്കരുത് എന്നാണ് സി.പി.ഐയുടെ അഭിപ്രായം. എല്‍.ഡി.എഫ് യോഗത്തിലും മന്ത്രിസഭയിലും ശമ്പള പരിഷ്കരണ കമ്മീഷനെ അടിയന്തിരമായി നിയമിക്കണമെന്ന് സി.പി.ഐ ആവശ്യപ്പെടും.
ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കണമെന്നും ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനൂകൂല്യങ്ങള്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് ആഭിമുഖ്യമുള്ള സര്‍വീസ് സംഘടനകള്‍ നിരന്തര സമരത്തിലാണ്. യു.ഡി.എഫിന്റെ പൂര്‍ണ്ണ പിന്തുണയിലാണ് ഇവരുടെ സമരം. ഇതിനിടയിലാണ് എല്‍.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐയും ശമ്പള പരിഷ്‌കരണ കമ്മീഷന്‍ നിയമിക്കണമെന്ന ആവശ്യവുമായി രംഗത്ത് വരുന്നത് എന്നതും ശ്രദ്ധേയമാണ്.