പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് ഡിസിആര്‍ജി അനുവദിക്കില്ല: നിലപാടില്‍ മാറ്റമില്ലാതെ സര്‍ക്കാര്‍

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാര്‍ക്ക് ഡിസിആര്‍ജി (Death-cum-Retirement Gratuity) അനുവദിക്കില്ല എന്ന 2016 ലെ നിലപാടില്‍ മാറ്റമില്ലാതെ സര്‍ക്കാര്‍. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങള്‍ ആയി വിരമിക്കുന്ന ജീവനക്കാര്‍ക്ക് ഡിസിആര്‍ജി അനുവദിക്കേണ്ടതില്ല എന്ന് വിവിധ തലങ്ങളില്‍ പരിശോധിച്ചു സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട് എന്നാണ് 2016 ല്‍ വിഡി സതീശന്‍ എംഎല്‍എയുടെ നിയമസഭാ ചോദ്യത്തിന് അന്നത്തെ ധനമന്ത്രി തോമസ് ഐസക് മറുപടി നല്‍കിയത്.

കേന്ദ്ര സര്‍ക്കാരും മറ്റ് എല്ലാ സംസ്ഥാന സര്‍ക്കാരുകളും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടു വിരമിക്കുന്ന ജീവനക്കാര്‍ക്ക് ഡിസിആര്‍ജിയും കുടുംബ പെന്‍ഷനും അനുവദിക്കുന്നുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാരുടെ സര്‍ക്കാര്‍ വിഹിതം 14% ആക്കി ഉയര്‍ത്തി കേന്ദ്ര സര്‍ക്കാരും എല്ലാ സംസ്ഥാന സര്‍ക്കാരുകളും ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ മാത്രം ഈ അനുകൂല്യങ്ങള്‍ ഒന്നും അനുവദിക്കേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്ന ആദ്യ സംസ്ഥാനം ആകുന്നതിനായി പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധന സമിതിയെ നിയമിച്ചെങ്കിലും സര്‍ക്കാരിന് പദ്ധതി പിന്‍വലിക്കുന്ന വിഷയത്തില്‍ താല്പര്യം ഇല്ല എന്നാണ് നടപടികള്‍ തെളിയിക്കുന്നത്. സമിതി റിപ്പോര്‍ട്ട് പോലും പുറത്ത് വിടാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ കോടതി അലക്ഷ്യം ഒഴിവാക്കുന്നതിനായി തിടുക്കത്തില്‍ മന്ത്രിസഭാ തീരുമാനം എടുത്ത് സമിതിയുടെ ശുപാര്‍ശകള്‍ പഠിക്കുന്നതിനായി മറ്റൊരു സമിതിയെ നിയമിച്ചിരിക്കുകയാണ്.

പദ്ധതിയില്‍ ഉള്‍പ്പെട്ട മൂവായിരത്തില്‍പരം ജീവനക്കാര്‍ വിരമിച്ചെങ്കിലും ആര്‍ക്കും ഡിസിആര്‍ജി അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ജൂണ്‍ 6 ന് നല്‍കിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട് വിരമിക്കുന്ന ജീവനക്കാര്‍ക്ക് ഡിസിആര്‍ജി ആനുകൂല്യം അനുവദിക്കാന്‍ ആകില്ല എന്ന മറുപടി തന്നെയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഗ്രാറ്റുവിറ്റി പരിധിയില്‍ വരുമെന്നിരിക്കെ വിരമിച്ച ജീവനക്കാര്‍ക്ക് ഡി.സി.ആര്‍.ജി അനുവദിക്കാന്‍ ആകില്ല എന്ന സര്‍ക്കാര്‍ സമീപനം തൊഴിലാളി വിരുദ്ധവും നിയമപരമായി നിലനില്‍ക്കാത്തതും ആണെന്നാണ് നിയമവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഡിസിആര്‍ജി ആവശ്യപ്പെട്ടു വിരമിച്ച പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാര്‍ കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ വെട്ടിലാകും എന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments