യൂറോ കപ്പിൽ ജർമനിക്ക് വിജയത്തുടക്കം. ജർമൻ പടയോട്ടത്തിൽ സ്കോട്ട്ലൻഡ് തരിപ്പണമായി. ഒന്നിനെതിരെ അഞ്ചു ഗോളിനായിരുന്നു ആതിഥേയരുടെ ജയം. (The UEFA European Football Championship)
കളിയുടെ സർവ മേഖലകളിലും ആധിപത്യം പുലർത്തിയ ജർമനിക്കായി ഫ്ലോറിയാൻ വിർട്സ് (10ാം മിനിറ്റിൽ), ജമാൽ മൂസിയാല (19), കായ് ഹാവെർട്സ് (45+1, പെനാൽറ്റി), നിക്ലാസ് ഫുൾക്രഗ് (68ാം മിനിറ്റിൽ), എംറെ കാനെ (90+3) എന്നിവരാണ് ഗോളുകൾ നേടിയത്. 87ാം മിനിറ്റിൽ ജർമൻ താരം അന്‍റോണിയോ റൂഡിഗറിന്‍റെ വകയായിരുന്നു സ്കോട്ട്ലൻഡിന്‍റെ ആശ്വാസ ഗോൾ.
ആദ്യ പകുതിക്കു പിരിയാൻ ഒരു മിനിറ്റ് ബാക്കി നിൽക്കെ മാരക ടാക്ക്ൾ നടത്തിയതിന് പ്രതിരോധ താരം റയാൻ പോർട്ടോസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ സ്കോട്ട്ലൻഡ് പത്തുപേരിലേക്ക് ചുരുങ്ങി. പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകൾ തൊടുക്കുന്നതിലും ആതിഥേയർ ബഹുദൂരം മുന്നിലായിരുന്നു. പത്താം മിനിറ്റിൽതന്നെ വിർട്സിലൂടെ ആതിഥേയർ ലീഡെടുത്തു.
മൈതാനത്തിന്‍റെ വലതു പാർശ്വത്തിൽനിന്ന് പെനാൽറ്റി ബോക്സിനു മുന്നിലേക്ക് കിമ്മിച്ച് നൽകിയ ഒരു മനോഹര ക്രോസ് ആദ്യ ഷോട്ടിൽതന്നെ ഫ്ലോറിയാൻ വിർട്സ് വലയിലേക്ക് തിരിച്ചുവിട്ടു. പന്ത് പോസ്റ്റിലുരുമി വലയിലേക്ക് തന്നെ കയറി. അധികം വൈകാതെ ജർമനി ലീഡ് വർധിപ്പിച്ചു. 19ാം മിനിറ്റിൽ ജമാൽ മൂസിയാലയുടെ വകയായിരുന്നു ഗോൾ. 26ാം മിനിറ്റിൽ മൂസിയാലയെ വീഴ്ത്തിയതിന് ജർമനിക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചെങ്കിലും വാർ പരിശോധനയിൽ ഫൗൾ ബോക്സിനു പുറത്താണെന്ന് സ്ഥിരീകരിച്ചു.
ഇടവേളക്കു പിരിയാൻ ഒരു മിനിറ്റ് മാത്രം ബാക്കി നിൽക്കെ ഗുണ്ടോഗനെ ബോക്സിൽ ഫൗൾ ചെയ്തതിനാണ് പോർട്ടോസിന് നേരിട്ട് ചുവപ്പ് കാർഡും ജർമനിക്ക് അനുകൂലമായി പെനാൽറ്റിയും വിധിക്കുന്നത്. കിക്കെടുത്ത ഹാവാർട്സ് പന്ത് അനായാസം വലയിലാക്കി. യൂറോ കപ്പിന്‍റെ ചരിത്രത്തിൽ 40 വർഷത്തിനുശേഷം ആദ്യമായാണ് ഒരു ടീം ഗ്രൂപ്പ് മത്സരത്തിൽ എതിരാളികൾക്കെതിരെ ആദ്യ പകുതിയിൽ മൂന്നു ഗോളുകൾ നേടുന്നത്.
1984ൽ ഫ്രാൻസ് ബെൽജിയത്തിനെതിരെയാണ് ഇതിനു മുമ്പ് മൂന്നു ഗോളുകൾ നേടിയത്. രണ്ടാം പകുതിയിലും ജർമനിയുടെ മുന്നേറ്റമായിരുന്നു. 51ാം മിനിറ്റിൽ ജർമൻ പ്രതിരോധ താരം അന്‍റോണിയോ റൂഡിഗറിന്‍റെ ലോങ് റേഞ്ച് ഷോട്ട് സ്കോട്ട് ഗോളി ചാടി തട്ടിയകറ്റി. തൊട്ടു പിന്നാലെ മൂസിയാലയുടെ ഷോട്ടും തട്ടിയിട്ടു.
അഞ്ചു മിനിറ്റിനുള്ളിൽ ഫുൾക്രഗ് ടീമിനായി വലകുലുക്കി. 18 വാര അകലെ നിന്നുള്ള താരത്തിന്‍റെ റോക്കറ്റ് വേഗത്തിലുള്ള ഷോട്ട് പോസ്റ്റിന്‍റെ വലതു മൂലയിലേക്ക് തുളച്ചുകയറി. മൂസിയാലയെ പിൻവലിച്ച് വെറ്ററൻ താരം തോമസ് മുള്ളർ കളത്തിലിറങ്ങി. കളി അവസാനിക്കാൻ മൂന്നു മിനിറ്റ് ബാക്കി നിൽക്കെയാണ് റൂഡിഗറിന്‍റെ ഓൺ ഗോളിലൂടെ സ്കോട്ട്ലൻഡ് തോൽവി ഭാരം കുറക്കുന്നത്. ഇൻജുറി ടൈമിൽ എംറെ കാൻ ജർമനിയുടെ അഞ്ചാം ഗോളും നേടി പട്ടിക പൂർത്തിയാക്കി.