യൂടൂബര്‍ സഞ്ജു ടെക്കിയുടെ ഡ്രൈവിങ് ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി

ആലപ്പുഴ: കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കി പൊതുനിരത്തിലൂടെ ഓടിച്ച സംഭവത്തില്‍ യൂടൂബര്‍ സഞ്ജു ടെക്കിയുടെ ഡ്രൈവിങ് ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി. സംഭവത്തില്‍ കാര്‍ ഓടിച്ചയാളുടെ ലൈസന്‍സ് ഒരുവര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യുകയും, കാറിന്റെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്തു.

കാറില്‍ സ്വിമ്മിംഗ് പൂള്‍ സജ്ജീകരിച്ച് കുളിച്ച് യാത്ര ചെയ്ത വ്ലോഗര്‍ സഞ്ജു ടെക്കി സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഇത് തള്ളിയാണ് ലൈസൻസ് ആജീവനാന്തം റദ്ദാക്കിയത്. വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നായിരുന്നു സഞ്ജു ടെക്കിയുടെ വിശദീകരണം. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കൂടുതല്‍ കടുത്ത നടപടിയിലേക്ക് കടക്കരുതെന്നും വിശദീകരണത്തില്‍ സഞ്ജു ടെക്കി വ്യക്തമാക്കിയത്.

സഞ്ജുടെക്കി നടത്തിയ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. ഇവര്‍ സഞ്ജുടെക്കിയുടെ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍വാഹന വകുപ്പ് സഞ്ജു ടെക്കിയില്‍ നിന്നും വിശദീകരണം തേടുകയായിരുന്നു. എന്നാല്‍, തൃപ്തികരമല്ലാത്ത വിശദീകരണമാണ് സഞ്ജു നല്‍കിയതെന്നും ഇതിനാലാണ് ലൈസന്‍സ് റദ്ദാക്കുന്നതെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അറിയിച്ചിരിക്കുന്നത്.

അതേസമയം, കാനുള്ളിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് കുളിച്ച് യാത്ര ചെയ്ത വ്ലോഗർ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹികസേവനം തുടരുകയാണ്. ഇക്കഴിഞ്ഞ ജൂണ്‍ 11നാണ് സാമൂഹിക സേവനം ആരംഭിച്ചത്. 15 ദിവസത്തേക്കാണ് ഇവർക്ക് ശിക്ഷ നൽകിയിരിക്കുന്നത്. ഇനി 10 ദിവസം കൂടി ആലപ്പുഴ മെഡിക്കൽ കോളേജിൽ സേവനം ചെയ്യണം.

നേരത്തെ സാമൂഹിക സേവനം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ശിക്ഷ നടപടിയുടെ ഭാഗമായിട്ടാണ് സഞ്ജു ടെക്കിക്കും സുഹൃത്തുക്കൾക്കും സാമൂഹിക സേവനം നൽകിയത്. രാവിലെ 8 മുതൽ 2 വരെയാണ് സേവനം ചെയ്യേണ്ടത്. യൂട്യൂബിൽ നാല് ലക്ഷം ഫോളോവേഴ്സുള്ള സഞ്ജു ടെക്കി രണ്ടാഴ്ച മുമ്പാണ് സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിംഗ് പൂളൊരുക്കിയത്. കാറിന് നടുവിലെ രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക് ടർപോളിൻ കൊണ്ട് സ്വിമ്മിംഗ് പൂൾ തയ്യാറാക്കി. തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്യുകയായിരുന്നു.

ഇതിന്‍റെ ദൃശ്യങ്ങൾ ട്യൂബിൽ പോസ്റ്റ് ചെയ്തു. യാത്രക്കിടെ ടര്‍പോളിന് ചോര്‍ച്ചയുണ്ടായി വെള്ളം കാറിനുള്ളിൽ പടർന്നു. എൻജിനിലടക്കം വെള്ളം കയറി. വശത്തെ സീറ്റിലെ എയർ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക്ക് ഒഴുക്കിവിട്ടു. യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആർടിഒ എൻഫോഴ്സ്മെൻ്റ് വിഭാഗം കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments