യൂറോപ്പിലെ ചാമ്പ്യന്മാർ ആരാകും? ആകാംഷയുടെ ഉച്ചസ്ഥായിയിലാണ് ഫുട്‌ബോൾ പ്രേമികൾ. യൂറോ കപ്പ് കിരീടത്തിനായി 24 ടീമുകള്‍ മാറ്റുരയ്ക്കുമ്പോൾ ചില രസകരമായ വസ്തുതകളും പരിശോധിക്കേണ്ടതായുണ്ട്. 2024 യൂറോകപ്പ് വയസന്മാരുടെ സമ്മേളനമോ എന്ന ചോദ്യം ഇതിനോടകം ഉയർന്നു കഴിഞ്ഞു. പരിഹാസത്തിൽ അല്പം കാര്യമുണ്ടെന്ന് തന്നെ പറയാം. എന്നാൽ ഈ വയസൻപട തന്നെയാകും കിരീടം ആരുയർത്തും എന്നതിൽ നിർണായകമാകുന്നതും.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(പോര്‍ച്ചുഗല്‍)
പ്രശസ്ത കമന്റെറ്റർ ഷൈജു ദാമോധരന്റെ ഭാഷയിൽ പറഞ്ഞാൽ ജിനിയസ്. പറങ്കിപ്പടയുടെ കപ്പിത്താൻ.ഇത്തവണത്തെ യൂറോയില്‍ വമ്പന്‍ പേരുകളിലൊന്ന് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേതാണ്. അഞ്ചു തവണ ബാലണ്‍ദ്യോര്‍ ജേതാവും പോര്‍ച്ചുഗലിനൊപ്പം 2016-ലെ യൂറോ കപ്പുയര്‍ത്തുകയും ചെയ്ത റൊണാള്‍ഡോയുടെ ദേശീയ ജേഴ്‌സിയില്‍ അവസാന പ്രധാന ടൂര്‍ണമെന്റ് തന്നെയാകും ജര്‍മനിയിലേത്. നിരവധി റെക്കോർഡുകൾ ഇത്തവണ താരത്തെ കാത്തിരിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ യൂറോ കപ്പുകള്‍ കളിക്കുന്ന താരമെന്ന നേട്ടം ഇത്തവണ സ്വന്തമാക്കും. യൂറോ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും റോണോ തന്നെ. 2021 യൂറോയിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവുകൂടിയായ 39 കാരൻ റൊണാള്‍ഡോ തന്നെയാകും ഇത്തവണയും പോര്‍ച്ചുഗലിന്റെ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരുക.
ടോണി ക്രൂസ് (ജര്‍മനി)
2021-ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതായിരുന്നു ടോണിക്രൂസ്. എന്നാല്‍ ഈ 34-കാരന്റെ കളി മികവ് അത്ഭുതപ്പെടുത്തുന്നത് ആണ്. പ്ലേ മേക്കിങ് മികവും സെറ്റ് പീസുകളിലെ കൃത്യതയും ക്രൂസിനെ തിരികെ വിളിക്കാന്‍ ജര്‍മന്‍ കോച്ച് ജൂലിയന്‍ നഗെല്‍സ്മാനെ പ്രേരിപ്പിക്കുകയായിരുന്നു. തന്റെ അവസാന ടൂര്‍ണമെന്റാകും ഇതെന്ന് ക്രൂസ് പ്രഖ്യാപിച്ചതാണ്.
റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി (പോളണ്ട്)
പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, എന്നാൽ ലെവന്‍ഡോവ്‌സ്‌കിയെ കുറിച്ച് മിണ്ടാം.ക്ലബ്ബ് കരിയറില്‍ വിവിധ ക്ലബ്ബുകള്‍ക്കായി കിരീടങ്ങള്‍ വാരിക്കൂട്ടിയ താരമാണ് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി.എന്നാൽ ദേശീയ ടീമിൽ അദ്ദേഹത്തിന് കാര്യമായ സംഭാവനകൾ നൽകാൻ കഴിഞ്ഞിട്ടില്ല. ചുരുക്കി പറഞ്ഞാൽ ഈ യൂറോകപ്പ് നേടിക്കൊടുത്തു കൊണ്ട് ടീമിനെ നെറുകയിൽ എത്തിക്കുക എന്നത് തന്നെയാകും താരത്തിന്റെ ലക്ഷ്യം.
കെവിന്‍ ഡിബ്രുയിന്‍ (ബെല്‍ജിയം)
ബെല്‍ജിയന്‍ ഫുട്ബോളിനെ ലോകത്തിന്റെ മുൻനിരയിലേക്ക് കൊണ്ട് വന്ന താരം. അടുത്തകാലത്തായി പരിക്കുകള്‍ അലട്ടുന്ന 32-കാരനായ താരം ദേശീയ ജേഴ്‌സിയില്‍ ഇനിയൊരു ടൂര്‍ണമെന്റിനുണ്ടായേക്കില്ല. ഒരു പ്രധാന കിരീടത്തിനായുള്ള ബെല്‍ജിയത്തിന്റെ കാത്തിരിപ്പ് നീളുകയാണ്. ആ കിരീടവളർച്ച അവസാനിപ്പിക്കാൻ തന്നെയാകും ഇത്തവണ ഡിബ്രുയിന്‍ കളത്തിലിറങ്ങുക.
ലൂക്കാ മോഡ്രിച്ച് – ക്രൊയേഷ്യ
യൂറോകപ്പിന്റെ ഇത്തവണത്തെ പതിപ്പില്‍ അവസാനമായി കളത്തിലിറങ്ങുന്ന വമ്പന്‍ പേരുകളിലൊന്ന് ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചിന്റേതാണ്. ടീമിനെ നയിക്കുന്നതും മോഡ്രിച്ച് തന്നെ. മോഡ്രിച്ചിനെ കേന്ദ്രീകരിച്ചാകും ഇത്തവണയും ക്രൊയേഷ്യന്‍ തന്ത്രങ്ങള്‍. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡുമായാണ് മോഡ്രിച്ച് യൂറോയില്‍ ബൂട്ടുകെട്ടിയിറങ്ങുക. ദീര്‍ഘകാലമായി കിട്ടാക്കനിയായ രാജ്യാന്തര കിരീടമെന്ന ലക്ഷ്യത്തിലേക്കാണ് ഈ യൂറോയില്‍ മോഡ്രിച്ച് കളത്തിലിറങ്ങുന്നത്. റയല്‍ മാഡ്രിഡിനായി കിരീടങ്ങള്‍ വാരിക്കൂട്ടുമ്പോഴും ക്രൊയേഷ്യന്‍ ജേഴ്‌സിയില്‍ ഒരു കിരീടം ഇന്നും താരത്തിന് കിട്ടാക്കനിയാണ്.
ഒന്നുറപ്പ്… വയസൻപട ആണെങ്കിലും പഴകിയ വീഞ്ഞിന് വീര്യമേറും… യൂറോ ആവേശകൊടുമുടിയിൽ തന്നെയാകും ഇത്തവണ…