CrimeNews

വിയറ്റ്നാമിൽ ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്; മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് നടത്തിയ സംഘം പോലീസ് പിടിയിൽ. വിയറ്റ്നാമിൽ ജോലി നൽകാമെന്ന് ഉറപ്പ് നൽകി കമ്പോഡിയയിലെത്തിച്ച് ചൈനക്കാർക്ക് കൈമാറാൻ ശ്രമിച്ചതാണ് കേസ്. ഇടുക്കി അടിമാലി പോലീസാണ് രക്ഷപ്പെട്ടെത്തിയ ഇരയുടെ പരാതിയിൽ മൂവരെയും അറസ്റ്റ് ചെയ്തത്.

കൊല്ലം കൊട്ടിയം മുഹമ്മദ് ഷാ, കൊല്ലം ഉയമനല്ലൂർ സ്വദേശി അൻഷാദ്, തിരുവനന്തപുരം പാങ്ങോട് സ്വദേശി സജീദ് എം ഐ എന്നിവരെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. വിയറ്റ്നാമിൽ പ്രതിമാസം 80,000 രൂപ ശമ്പളമുള്ള ഡിടിപി ഓപ്പറേറ്റർ ജോലി വാഗ്ദാനം ചെയ്താണ് ഇവരുടെ സംഘം യുവാക്കളെ കടത്തിയത്.

സന്ദർശക വിസയിൽ ഇരകളെ വിയറ്റ്നാമിലെത്തിച്ച സംഘം അവിടെ വച്ച് പണം വാങ്ങി ചൈനക്കാർക്ക് കൈമാറിയെന്നാണ് പരാതി. തുടർന്ന് ഇരകളെ കരമാർഗ്ഗം കമ്പോഡിയയിൽ എത്തിച്ച് നിർബന്ധിച്ച് ഓൺലൈൻ തട്ടിപ്പ് ജോലികൾ ചെയ്യിച്ചെന്നും പരാതിയിലുണ്ട്. അടിമാലി സ്വദേശി ഷാജഹാൻ കാസിമിനെ ഫെബ്രുവരിയിൽ ഇത്തരത്തിൽ കമ്പോഡിയയിൽ എത്തിച്ചിരുന്നു.

മനുഷ്യക്കടത്തിൽ ഇരയായ ഷാജഹാൻ മൂന്ന് മാസത്തിനു ശേഷം എംബസിയുടെ സഹായത്തോടെ രക്ഷപ്പെട്ട് നാട്ടിലെത്തി. പിന്നീട് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പിടിയിലായ മനുഷ്യക്കടത്ത് സംഘത്തിന് എതിരെ ബാലരാമപുരം പോലീസിൽ അഞ്ചു പേർ കൂടി പരാതി നൽകിയിട്ടുണ്ട്. കൂടുതൽ പേർ തട്ടിപ്പിനിരയായോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *