മണിരത്നം സിനിമയായ ‘തഗ്‌ലൈഫി’ന്റെ ഷൂട്ടിങിനിടെ ഹെലികോപ്റ്ററില്‍ നിന്ന് ചാടിയിറങ്ങിയ നടന്‍ ജോജു ജോര്‍ജിന്റെ ഇടതുകാല്‍പാദത്തില്‍ പൊട്ടല്‍. പോണ്ടിച്ചേരിയിലാണ് അപകടം.
കമൽഹാസൻ നായകനായി മണിരത്നം സംവിധാനം ചെയ്യുന്ന സിനിമയിലെ ഹെലികോപ്റ്റർ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം. നടൻമാരായ കമൽഹാസൻ, നാസർ എന്നിവർക്കൊപ്പം പോണ്ടിച്ചേരിയിലെ എയർപോർട്ടിലായിരുന്നു ചിത്രീകരണം.
ഇവര്‍ കയറിയ ഹെലികോപ്റ്റർ തിരിച്ചിറങ്ങിയശേഷം മൂന്നുപേരും ചാടി ഇറങ്ങുന്ന ഭാഗങ്ങളാണ് ചിത്രീകരിച്ചിരുന്നത് . ഇതിനിടയിൽ നിയന്ത്രണം വിട്ട് ജോജു താഴെ വീണു. ഉടനെ ജോജുവിനെ ആശുപത്രിയിലേക്ക് മാറ്റി. എക്സ് റെയിൽ ഇടതുകാലിലെ എല്ലുകൾക്ക് പൊട്ടലുണ്ടെന്ന് വ്യക്തമായി.
പ്ലാസ്റ്ററിട്ടശേഷം ഡോക്ടർമാർ ഒരാഴ്ച വിശ്രമം നിർദ്ദേശിച്ചുവെങ്കിലും പോണ്ടിച്ചേരിയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയശേഷമാണ് ജോജു ഇന്നലെ രാത്രി മടങ്ങിയെത്തിയത്. ജോജു തന്നെ സംവിധാനം ചെയ്യുന്ന ‘പണി’ സിനിമയുടെ അവസാനഘട്ട സങ്കേതിക പ്രവർത്തനങ്ങൾ കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്ക് മാറ്റി.