കൊച്ചി: ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ സ്ഥലംമാറ്റം ശരിവെച്ച് ഹൈക്കോടതി. ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ഹോം സ്റ്റേഷന്‍ ട്രാന്‍സ്ഫര്‍ പട്ടിക, അദേഴ്സ് ട്രാന്‍സ്ഫര്‍ പട്ടിക റദ്ദാക്കിയ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്‍റെ സ്ഥലം മാറ്റ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തതോടെ അധ്യാപകർ പ്രതിസന്ധിയിലായിരുന്നു. വിടുതൽ വാങ്ങിയ അധ്യാപകർക്ക് പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിക്കാനോ നിലവിലെ സ്ഥാപനത്തിൽ തുടരാനോ സാധിച്ചിരുന്നില്ല.
മാനദണ്ഡങ്ങൾ ലംഘിച്ച് സ്ഥലം മാറ്റം നടത്താനുള്ള സർക്കാർ ശ്രമമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്ന് അധ്യാപകരും സർക്കാരും കോടതിയെ സമീപിക്കുകയായിരുന്നു.
ഫെബ്രുവരി 16 നാണ് ഹയർസെക്കന്‍ഡറി അധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് വന്നത്. ഉത്തരവ് പ്രകാരം സ്ഥലം മാറ്റം ലഭിച്ച അധ്യാപകർ നിലവിലുള്ള സ്ഥാപനങ്ങളിൽ നിന്ന് വിടുതൽ വാങ്ങുകയും ചെയ്തു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഉത്തരവെന്ന് കാണിച്ച് ചില അധ്യാപകർ നൽകിയ പരാതി പരിഗണിച്ച അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഇതോടെ നേരത്തെ വിടുതൽ നേടിയ അധ്യാപകരാണ് പ്രതിസന്ധിയിലായത്.