ടി20 ലോകകപ്പിൽ സൂപ്പർ 8 ഉറപ്പിക്കാൻ ഇന്ത്യ ഇറങ്ങുകയാണ്. ആതിഥേയരായ അമേരിക്കയാണ് എതിരാളികൾ. രാത്രി 8 മണിക്ക് ന്യൂയോർക്കിലാണ് മത്സരം. തുടർച്ചയായ രണ്ടു മത്സരങ്ങളിൽ വിജയിച്ച ഇന്ത്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. അമേരിക്കയും അവർ കളിച്ച ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചിരുന്നു.

അത് കൊണ്ട് തന്നെ ഇരു കൂട്ടരും ജയത്തിൽ കവിഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. പാകിസ്താനെതിരെ അട്ടിമറി ജയവുമായാണ് യുഎസ്എ എത്തുന്നത്. അതിനാൽ തന്നെ എഴുതിതള്ളാനും സാധ്യമല്ല. അതേസമയം ഇന്ത്യൻ ടീമും ചില വെല്ലുവിളികൾ നേരിടുന്നുണ്ട്. പാകിസ്ഥാനെതിരെ വിജയിച്ചിരുന്നുവെങ്കിലും ബാറ്റിംഗ് പ്രതീക്ഷക്കൊത്ത് ഉയർന്നിരുന്നില്ല. ബാറ്റിംഗ് ലൈനപ്പിൽ ചില മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്.

അങ്ങനെയെങ്കിൽ സ്പെഷ്യലിസ്റ് ബാറ്റർ ആയി സഞ്ജുസാംസൺ ആദ്യം ഇലവനിൽ ഇടംനേടിയേക്കും. ശിവം ദൂബെക്ക് പകരം സഞ്ജുവിനെ കളിപ്പിക്കാനുള്ള ആലോചനയിലാണ് ഇന്ത്യ. ഇന്ന് വിജയിച്ചാൽ ഇന്ത്യക്ക് സൂപ്പർ 8 ഉറപ്പിക്കാൻ ആകും.

ആദ്യ മത്സരങ്ങളിൽ തിളങ്ങാതിരുന്ന വിരാട് കോഹ്ലി സൂര്യകുമാർ യാദവ് തുടങ്ങിയവർ ഇന്ന് ഫോമിലേക്ക് മടങ്ങിയെത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. കോഹ്ലി വീണ്ടും ഓപ്പൺ ചെയ്യുമോ എന്നതും കണ്ടറിയണം. ആദ്യ രണ്ടു മത്സരങ്ങളും ബൗളർമാരുടെ മികവിൽ ആയിരുന്നു ഇന്ത്യ വിജയിച്ചത്. രണ്ടും മത്സരങ്ങളിലും കളിയിലെ താരമായ ബുമ്രയിൽ തന്നെയാകും ഇന്നും ഇന്ത്യയുടെ പ്രധാന പ്രതീക്ഷ.