
നാളെ ആരംഭിക്കുന്ന ലോക കേരള സഭക്ക് നോർക വഴി 3 കോടി അനുവദിച്ചിരുന്നു
തിരുവനന്തപുരം: നാലാമത് ലോക കേരള സഭക്ക് സ്പീക്കർ എ.എൻ. ഷംസീർ വക 35 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് നിയമസഭ ഫണ്ട് വക മാറ്റുന്നത്. ലോക കേരള സഭ നടക്കുന്ന നിയമസഭയിലെ അടിസ്ഥാന സൗകര്യങ്ങൾക്കായാണ് 35 ലക്ഷം അനുവദിച്ചത്.
മുൻകാലങ്ങളിൽ ലോക കേരള സഭയുടെ മുഴുവൻ ചെലവും വഹിച്ചിരുന്നത് നോർക വകുപ്പാണ്. നിയമസഭക്ക് അനുവദിച്ച ബജറ്റ് വിഹിതത്തിൽ നിന്ന് സ്പീക്കർമാർ ആയിരുന്ന ശ്രീരാമകൃഷ്ണനോ എം.ബി രാജേഷോ തുക വകമാറ്റിയിരുന്നില്ല. അസാധാരണ നടപടിയാണ് ഷംസിറിൻ്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
ലോക കേരള സഭക്ക് നോർക്ക 3 കോടി അനുവദിച്ചിരുന്നു. നാളെ മുതൽ 3 ദിവസത്തേക്കാണ് ലോക കേരള സഭ മാമാങ്കം നടക്കുന്നത്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളാണ് പ്രധാന വേദി. ലോക കേരള സഭ സമ്മേളനം നാളെ മുതൽ നടക്കുന്നതിനാൽ നിയമസഭ സമ്മേളനത്തിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവധിക്ക് ശേഷം ജൂൺ 19 ന് നിയമസഭ സമ്മേളനം പുനരാരംഭിക്കും.
സാംസ്‌കാരിക പരിപാടിക്ക് 25 ലക്ഷം, പുസ്തകം പ്രിന്റ് ചെയ്യാന്‍ 15 ലക്ഷം, ഫോട്ടോയും വീഡിയോയ്ക്കും 30 ലക്ഷം
നാലാമത് ലോകകേരള സഭയ്ക്കുള്ള ഒരുക്കങ്ങള്‍ക്ക് കോടികള്‍ അനുവദിച്ചുതുടങ്ങി. ഈമാസം രണ്ട് തവണയായിട്ട് മൂന്ന് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 15ാം തീയതി 2 കോടി രൂപയും 16ാം തീയതി ഒരുകോടി രൂപയുമാണ് അനുവദിച്ചത്.
ആഗോള സാംസ്‌കാരിക ഉല്‍സവം എന്ന പേരിലാണ് 1 കോടി അനുവദിച്ചിരിക്കുന്നത്. ഇതില്‍ ലോക കേരളസഭയിലെ സാംസ്‌കാരിക പരിപാടിക്ക് 25 ലക്ഷം രൂപയാണ്. പ്രോഗ്രാം കമ്മിറ്റിക്കാണ് സാംസ്‌കാരിക പരിപാടികളുടെ തെരഞ്ഞെടുപ്പ് ചുമതല. ലോക കേരള സഭയുടെ ഭാഗമായി ഇറക്കുന്ന പബ്‌ളിക്കേഷന്‍ പ്രിന്റ് ചെയ്യുന്നതിനും മറ്റും അനുവദിച്ചിരിക്കുന്ന തുക 15 ലക്ഷം രൂപയാണ്.

പരസ്യത്തിന് 10 ലക്ഷം രൂപയും പ്രവാസി വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക പരിപാടിക്ക് 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ലോക കേരള സഭ അംഗങ്ങളുമായി സഹകരിച്ച് കേരളത്തിന്റെ സാംസ്‌കാരിക, ടൂറിസം പരിപാടികളുടെ ഫോട്ടോ, വീഡിയോ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് 30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ഭക്ഷണത്തിന് 10 ലക്ഷം, താമസത്തിന് 25 ലക്ഷം, വേദി അലങ്കരിക്കാൻ 35 ലക്ഷം
ഭക്ഷണത്തിന് 10 ലക്ഷവും താമസത്തിന് 25 ലക്ഷവും അനുവദിച്ചിട്ടുണ്ട്. വേദിയും വഴികളും അലങ്കരിക്കാൻ 35 ലക്ഷം, എയർ ടിക്കറ്റിന് 5 ലക്ഷം, പബ്ളിസിറ്റിക്ക് 5 ലക്ഷം, മറ്റ് ആവശ്യങ്ങൾക്ക് 20 ലക്ഷം എന്നിങ്ങനെ ലോക കേരള സഭയുടെ മീറ്റിംഗുമായി ബന്ധപ്പെട്ട ചെലവ് 1 കോടി രൂപയാണ്.
ലോക കേരള സഭ സെക്രട്ടറിയേറ്റിന് 50 ലക്ഷവും അനുവദിച്ചിട്ടുണ്ട്. ഇതിൽ 19 ലക്ഷം ഓഫിസ് ചെലവുകൾക്കാണ്. ലോക കേരള സഭയിലെ ശുപാർശകൾ നടപ്പിലാക്കാൻ 50 ലക്ഷമാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ പബ്ളിസിറ്റിക്ക് മാത്രം 15 ലക്ഷം അനുവദിച്ചിട്ടുണ്ട്.

ബജറ്റിൽ ലോക കേരള സഭക്കായി വകയിരുത്തിയ 2 കോടിയാണ് അനുവദിച്ചത്. ചെലവ് ഇനിയും കോടികൾ ഉയരും. ബില്ലുകൾ വരുന്ന മുറക്ക് ധനവകുപ്പ് അധിക ഫണ്ട് അനുവദിക്കും. ലോക കേരള സഭ കഴിഞ്ഞാൽ 2 മേഖല സമ്മേളനങ്ങൾ വിദേശത്ത് വച്ച് നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളും വിദേശത്ത് നടക്കുന്ന മേഖല സമ്മേളനങ്ങളിൽ പങ്കെടുക്കും.
3 ലോക കേരള സഭ നടന്നെങ്കിലും പ്രവാസികൾക്ക് സഭ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ല. 2 വർഷം കൂടുമ്പോൾ മുറ തെറ്റാതെ നടക്കുന്ന ആചാരമായി ലോക കേരള സഭ മാറി. മേഖല സമ്മേളനത്തിൻ്റെ പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളും ജനങ്ങളുടെ നികുതി പണത്തിൽ സഞ്ചരിക്കുന്ന ഉല്ലാസയാത്രയായി ലോക കേരള സഭ മാറി എന്ന് ചുരുക്കം.