അപേക്ഷ നൽകിയിട്ടും പണം ലഭിച്ചത് 14 മാസം കഴിഞ്ഞ്; കെട്ടിക്കിടക്കുന്ന 3 ലക്ഷം ഫയലുകളിൽ മന്ത്രിമാരുടേതും
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ മകൻ്റെ ചികിൽസക്ക് ചെലവായ തുക അനുവദിച്ചു. 38,372 രൂപയാണ് അനുവദിച്ചത്. മന്ത്രിക്കും കുടുംബത്തിനും ചികിൽസ ചെലവ് സർക്കാരിൽ നിന്ന് നൽകാമെന്നാണ് ചട്ടം. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു ചികിൽസ.
ലിസി ആശുപത്രിയിലും ലെജിസ്ലേറ്റേഴ്സ് ഹോസ്റ്റൽ ഹെൽത്ത് ക്ലാസിക്കിലും ചെലവായ തുകയാണ് മുഖ്യമന്ത്രി അനുവദിച്ചത്. 2022 ആഗസ്ത് 2 മുതൽ 3 വരെയായിരുന്നു ലിസി ആശുപത്രിയിലെ ചികിൽസ.2023 ഏപ്രിൽ 19 ന് ചികിൽസക്ക് ചെലവായ പണം നൽകണമെന്ന് ഡോ. ബിന്ദു മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു.
പണം അനുവദിച്ച് ഉത്തരവിറങ്ങിയതാകട്ടെ ഈ മാസം 11 നും. ഒരു മന്ത്രിക്ക് പോലും ചികിൽസ ചെലവിന് പണം കിട്ടാൻ 14 മാസം കാത്തിരിക്കേണ്ടി വന്നു. ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ ഫയലുകൾ ഉറങ്ങുന്നു എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണിത്.
3 ലക്ഷം ഫയലുകളാണ് സെക്രട്ടേറിയേറ്റിൽ കെട്ടികിടക്കുന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. അതിൽ മന്ത്രി ബിന്ദുവിന്റേതുള്‍പ്പെടെയുള്ള മന്ത്രിസഭാംഗങ്ങളുടേതുമുണ്ടെന്ന് വ്യക്തം.