തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പന ഇടിയുന്നെന്ന് സര്‍ക്കാര്‍ കണക്കുകള്‍. എക്‌സൈസ് മന്ത്രി എം.ബി രാജേഷ് നിയമസഭയില്‍ വെച്ച കണക്കുകള്‍ പ്രകാരം 2023-24ല്‍ 221.8 ലക്ഷം കെയ്സ് മദ്യം വിറ്റഴിച്ചപ്പോള്‍ 2022-23ല്‍ 224.3 കെയ്സ് മദ്യമാണ് വിറ്റത്.
മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനം 2022-23ല്‍ 2,992.7 കോടി രൂപയായിരുന്നതില്‍ നിന്ന് 2023-24ല്‍ 2,805.4 കോടി രൂപയായി കുറഞ്ഞു. 2022-23 ലെ 1,484 കോടിയെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്ടി വകുപ്പിന് മദ്യത്തില്‍ നിന്ന് നികുതിയായി ലഭിച്ചത് 1517.8 കോടി രൂപയാണ്.
ഡ്രൈ ഡേ ഒഴിവാക്കാനുള്ള തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ചോദ്യോത്തര വേളയില്‍ മന്ത്രി പറഞ്ഞു. നിലവില്‍ എല്ലാ മാസവും ഒന്നാം തീയതി സംസ്ഥാനത്ത് ഡ്രൈ ഡേയാണ്. ദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വിമുക്തി മിഷന്‍ മുഖേന നിരവധി പദ്ധതികള്‍ ഇതിനായി നടപ്പാക്കുന്നുണ്ട്. മദ്യവര്‍ജനം പ്രോത്സാഹിപ്പിക്കുന്നതിനായി ഉണര്‍വ്, നേര്‍വഴി, എന്നീ പേരുകളില്‍ നിരവധി പദ്ധതികള്‍ തയ്യാറാക്കി നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സാണ് മദ്യം, സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ബാറുകള്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നേരത്തെയുള്ള മദ്യനയത്തിന്റെ ഭാഗമാണ് ഈ നിര്‍ദ്ദേശമെന്നും നിയമസഭാ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചതാണെന്നും രാജേഷ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് നല്‍കേണ്ട വിറ്റുവരവ് നികുതി പിരിച്ചെടുക്കാന്‍ ഫലപ്രദമായ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു.
റിട്ടേണ്‍ ഫയല്‍ ചെയ്യാതെ വില്‍പ്പന നികുതി അടയ്ക്കാത്തതിന് ബാര്‍ ഹോട്ടലുകള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. 16 ബാര്‍ ഹോട്ടലുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം, എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാനത്ത് ബാറുകളുടെ എണ്ണം വര്‍ധിപ്പിച്ചപ്പോള്‍ ബാറുകളില്‍ നിന്നുള്ള വിറ്റുവരവ് നികുതി കുറഞ്ഞതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.