ദില്ലി: അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെന്ഷന് ഉറപ്പാക്കുന്ന രീതിയിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പരിഷ്കരിക്കാൻ കേന്ദ്രസർക്കാറിന് ശിപാർശ.
പഴയ പെന്ഷന് പദ്ധതിയിലേക്ക് തിരിച്ചുപോകാതെ എൻ.പി.എസ് പെന്ഷന് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ 2023 മാര്‍ച്ചില്‍ നിയോഗിച്ച ടി.വി സോമനാഥൻ അധ്യക്ഷനായ കമ്മിറ്റിയാണ് ശിപാർശ സമർപ്പിച്ചിരിക്കുന്നത്.
ആന്ധ്രയില്‍ നടപ്പാക്കിയ എൻ.പി.എസ് മാതൃകയാക്കിയ പരിഷ്കാരമാണ് നിർദേശത്തിലുള്ളതെന്നാണ് വിവരം. സേവന വര്‍ഷവും അതിനിടെയുള്ള പിന്‍വലിക്കലും പരിഗണിച്ച് അവസാന ശമ്പളത്തിന്റെ 40 മുതല്‍ 50 ശതമാനംവരെ പെന്ഷന് നല്‍കാനാണ് ശിപാർശ. പെന്‍ഷനായി സമാഹരിച്ച തുകയില്‍ കുറവുണ്ടായാല്‍ ബജറ്റ് വിഹിതത്തില്‍നിന്ന് നല്‍കാനും നിര്‍ദേശമുണ്ട്. പദ്ധതി നടപ്പാക്കിയാല്‍ 2004നുശേഷം ജോലിയില്‍ പ്രവേശിച്ച 87 ലക്ഷത്തോളം പേര്‍ക്ക് നേട്ടം ലഭിക്കുമെന്നാണ് കരുതുന്നത്.
പഴയ പെന്ഷന് സ്കീം പ്രകാരം 20 വര്‍ഷ സേവന കാലയളവ് ഉണ്ടെങ്കില്‍ അവസാന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷനായി ലഭിക്കും. 10 വര്‍ഷത്തില്‍ കൂടുതലും 20 വര്‍ഷത്തില്‍ താഴെയുമാണ് സേവന കാലയളവെങ്കില്‍ ആനുപാതികമായാണ് പെന്ഷന് അര്‍ഹതയുണ്ടാകുക. ജീവനക്കാര്‍ വിഹിതം അടക്കേണ്ടതില്ല. ആന്ധ്രപ്രദേശ് ഗാരന്റീഡ് പെന്ഷന് സിസ്റ്റം(എ.പി.ജി.പി.എസ്) നിയമം 2023 പ്രകാരം അവസാനം ലഭിച്ച അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പ്രതിമാസ പെന്‍ഷനായി ലഭിക്കും. ജീവനക്കാരന്റെ കാലശേഷം ജീവിത പങ്കാളിക്ക് ഗാരന്റീഡ് തുകയുടെ 60 ശതമാനം പെന്‍ഷനും നല്‍കും. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പലതും പഴയ പെൻഷൻ പദ്ധതികളിലേക്ക് തിരികെ പോയതും അതിന് ലഭിച്ച സ്വീകാര്യതയും കണക്കിലെടുത്ത് ഗാരന്റീഡ് പെൻഷൻ പദ്ധതി കേന്ദ്രം നടപ്പാക്കിയേക്കുമെന്നാണ് സൂചന.