ദില്ലി: മൂന്നാം മോദി മന്ത്രിസഭയില്‍ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപിക്ക് അതൃപ്തി. രണ്ടുവര്‍ഷത്തേക്ക് ചെയ്ത് തീര്‍ക്കാന്‍ സിനിമകളുണ്ടെന്നും അതിനാല്‍ സഹമന്ത്രിസ്ഥാനത്ത് സജീവമാകാനാകില്ലെന്നുമാണ് സുരേഷ് ഗോപിയുടെ പരസ്യ നിലപാട്.
സുരേഷ് ഗോപിയുടെ വാക്കുകള്‍: ‘ഒരു എം.പി എന്ന നിലക്ക് പ്രവര്‍ത്തിക്കുകയാണ് ഉദ്ദേശ്യം. ഞാനൊന്നും ആവശ്യപ്പെട്ടതല്ല. എനിക്കിത് വേണ്ട എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. എന്നെ റിലീവ് ചെയ്യുമെന്നാണ് തോന്നുന്നത്, താമസിയാതെ റിലീവ് ചെയ്യും. തൃശൂരുകാര്‍ക്ക് എം.പി എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കും. എനിക്ക് സിനിമ ചെയ്‌തേ മതിയാകൂ. അവര്‍ തീരുമാനിക്കട്ടെ…’ -മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
ക്യാബിനറ്റ് പദവി ലഭിക്കാത്തതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഈ പ്രതികരണം വന്നത്. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നും വിളി വന്നതോടെ ഞായറാഴ്ച ഉച്ചക്കാണ് സുരേഷ് ഗോപി ഡല്‍ഹിയിലേക്ക് പോയത്. തൃശൂരിലെ വിജയത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ചപ്പോള്‍, കേരളത്തിന്റെ സമഗ്രവികസനത്തിന് 10 വകുപ്പുകളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ആളാകണമെന്നാണ് ആഗ്രഹം എന്നാണ് സുരേഷ് ഗോപി പറഞ്ഞിരുന്നത്.
ഡല്‍ഹിയിലേക്ക് കേന്ദ്ര നേതൃത്വം വിളിപ്പിച്ചപ്പോള്‍ സിനിമകള്‍ക്ക് കരാറില്‍ ഏര്‍പ്പെട്ട കാര്യം സുരേഷ്‌ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ചരിത്രം പ്രമേയമാകുന്ന ചിത്രം ഉള്‍പ്പെടെ 4 ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപി തയാറെടുക്കുകയാണ്. സിനിമകള്‍ മുടങ്ങിയാല്‍ അണിയറ പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലാകുമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചു. മന്ത്രിസ്ഥാനം ഉപേക്ഷിച്ച് സിനിമയില്‍ അഭിനയിക്കുന്നത് മണ്ടത്തരമാകുമെന്ന് അടുപ്പമുള്ളവരില്‍ ചിലരും ഉപദേശിച്ചു.
തൃശൂരില്‍ ചരിത്ര വിജയം നേടിയ സുരേഷ് ഗോപി മന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്നും സിനിമാ വിഷയം പരിഗണിക്കാമെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചതോടെയാണ് സുരേഷ് ഗോപി സ്ഥാനമേറ്റെടുത്തത്.