Kerala

അച്ചു ഉമ്മന്‍ നിയമനടപടി ആരംഭിച്ചു; അപവാദ പ്രചാരണങ്ങള്‍ക്കും വ്യക്തിഹത്യക്കുമെതിരെ തെളിവുകള്‍ സഹിതം പരാതി നല്‍കി അച്ചു ഉമ്മന്‍

തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ നിയമ നടപടികളുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. പൂജപ്പുര പോലീസ് സ്‌റ്റേഷനിലും സൈബര്‍ സെല്ലിലും വനിതാ കമ്മീഷനിലുമാണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പരാതികള്‍ നല്‍കി. സെക്രട്ടേറിയറ്റിലെ മുന്‍ ഉദ്യോഗസ്ഥനും ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ അപമാനിക്കാന്‍ രംഗത്തിറങ്ങിയിരുന്നു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഇടത് സൈബര്‍ കടന്നല്‍ കൂട്ടങ്ങളുടെ ആക്രമണം രൂക്ഷമാണ്. ആദ്യമൊക്കെ, ഉറവിടം വ്യക്തമല്ലാത്ത കുപ്രചാരണം ആയിരുന്നു ഉണ്ടായിരുന്നതെങ്കില്‍ പിന്നീട് സിപിഎമ്മിന്റെ സൈബര്‍ പോരാളികള്‍ പലരും തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ മുഖേന വ്യക്തിഹത്യ തുടര്‍ന്നു.

ജോലിയെയും പ്രൊഫഷണലിസത്തെയും സ്ത്രീത്വത്തെയും അപമാനിക്കുകയും നിന്ദ്യമായ രീതിയില്‍ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയും മാനഹാനി ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സൈബര്‍ പോരാളികള്‍ക്കെതിരെ അച്ചു ഉമ്മന്‍ നിയമനടപടി സ്വീകരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്ന സെക്രട്ടറിയേറ്റിലെ മുന്‍ ഉദ്യോഗസ്ഥനെതിരെ വനിതാ കമ്മീഷനിലും, സൈബര്‍ സെല്ലിലും, തിരുവനന്തപുരം പൂജപ്പുര പോലീസ് സ്റ്റേഷനിലും അച്ചു ഉമ്മന്‍ തെളിവ് സഹിതം പരാതി നല്‍കി. മുന്‍ അഡീഷണല്‍ സെക്രട്ടറി നന്ദകുമാറിന്റെ പോസ്റ്റുകളും കമന്റുകളുമാണ് പോലീസില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിനു വേണ്ടി ഇനിയൊരു സ്ത്രീയും ഇത്തരത്തില്‍ അപമാനിക്കപ്പെടരുത് എന്ന ചിന്തയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് നിയമനടപടി കൈക്കൊള്ളുന്നത് എന്ന് അച്ചു ഉമ്മന്‍ വ്യക്തമാക്കി. പരാതി നല്‍കിയതിന് പിന്നാലെ മാപ്പ് അപേക്ഷയുമായി നന്ദകുമാര്‍ പോസ്റ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *