ദില്ലി: ദില്ലിയില്‍ കേരളത്തിൻ്റെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ഹൗസിന് മുന്നില്‍ മൂന്നാം മോദി സര്‍ക്കാരിനും കേന്ദ്രമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപിക്കും അഭിവാദ്യം അര്‍പ്പിച്ച് വമ്പന്‍ ഫ്‌ളക്‌സ് ബോർഡ്. ദില്ലിയില്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍ ഈ ഫ്‌ളക്‌സും അഭിവാദ്യവും പ്രത്യക്ഷപ്പെട്ടതോടെ കേരള ഹൗസ് ജീവനക്കാരെ നിര്‍ത്തിപ്പൊരിച്ചു.
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഇടത് സര്‍വീസ് സംഘടനയുടെ കോട്ടയില്‍ ബിജെപി അനുകൂല ഫ്‌ളക്‌സ് വന്നത് എങ്ങനെയെന്ന അമ്പരപ്പിലാണ് കേരള ഹൗസിലെ ജീവനക്കാര്‍. ‘ദേശീയതയ്‌ക്കൊപ്പം കേരളവും – മൂന്നാം മോദി സര്‍ക്കാരിന് അഭിനന്ദനങ്ങള്‍’ എന്ന സന്ദേശം കുറിച്ച് സുരേഷ് ഗോപിയുടെയും നരേന്ദ്രമോദിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫ്‌ളക്‌സാണ് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് സ്ഥാപിച്ചിരിക്കുന്നത്.
ബിജെപിക്ക് കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് ആദ്യ അംഗം തെരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കുവേണ്ടി തൃശൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് സുരേഷ് ഗോപിയായിരുന്നു. ബിജെപിയുടെ തൃശൂര്‍ വിജയം കേരള രാഷ്ട്രീയത്തില്‍ ചൂടുള്ള ചര്‍ച്ചയാണ്. അതേ ചൂട് ദില്ലിയിലെ മലയാളി കേന്ദ്രങ്ങളിലേക്കും ശക്തമായി പടരുകയാണ്.
സിപിഎം – കോണ്‍ഗ്രസ് അനുഭാവികള്‍ ജീവനക്കാരായുള്ള കേരള ഹൗസിന് മുന്നില്‍ എംപ്ലോയീസ് സംഘിന്റെ ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത് ജീവനക്കാര്‍ അറിയാതെ ആകാന്‍ വഴിയില്ലെന്നാണ് വിലയിരുത്തുന്നത്. ഇതോടെ കേരളത്തില്‍ ഇടത് കോട്ടകളില്‍ വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ച ബിജെപി. ദില്ലിയിലെ മലയാളി സിപിഎം ഉദ്യോഗസ്ഥ വൃന്ദങ്ങളിലും സ്വാധീനം ശക്തമാക്കുന്നുവെന്നും കരുതപ്പെടുകയാണ്.
ദില്ലിയില്‍ സംസ്ഥാനത്തിന്റെ ആസ്ഥാനമായാണ് കേരള ഹൗസ് പ്രവര്‍ത്തിച്ചുവരുന്നത്. കേരളത്തില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് താമസിക്കുന്നതിനും കേന്ദ്രസര്‍ക്കാരുമായുള്ള ഇടപാടുകള്‍ ക്രോഡീകരിക്കുന്നതിനും കേരള ഹൗസിനെയാണ് ആശ്രയിക്കുന്നത്. ഇത്രയും തന്ത്രപ്രധാനമായ സ്ഥാപനത്തില്‍ കേരളം ഭരിക്കുന്ന സിപിഎം അനുഭാവികളെയാണ് നിയമിക്കാറുള്ളത്. അതിന് മുന്നില്‍ തന്നെ ഇത്തരമൊരു ഫ്ലക്സ് വന്നതാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചത്.