
കിവികളുടെ ചിറകരിഞ്ഞ് അഫ്ഗാനിസ്ഥാൻ; ടി20 ലോകകപ്പിൽ വീണ്ടും അട്ടിമറി; ന്യൂസിലാന്റിനെ 84 റൺസിന് തകർത്ത് അഫ്ഗാനിസ്ഥാൻ
ടി20 ലോകകപ്പില്‍ പാകിസ്താന്റെ അട്ടിമറിത്തോല്‍വിക്കു പിന്നാലെ മറ്റൊരു അട്ടിമറി കൂടി. ന്യൂസിലാന്‍ഡിനാണ് ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ തന്നെ അപ്രതീക്ഷിത പരാജയം നേരിട്ടിരിക്കുന്നത്. ഗയാനയില്‍ നടന്ന ഗ്രൂപ്പ് സി മല്‍സരത്തില്‍ അഫ്ഗാനിസ്താനാണ് കിവികളുടെ ചിറകരിഞ്ഞത്. 84 റണ്‍സിന്റെ വമ്പന്‍ ജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. ടി20യില്‍ കിവികള്‍ക്കെതിരേ അവരുടെ ആദ്യ ജയം കൂടിയാണിത്.
ആറു വിക്കറ്റിനാണ് അഫ്ഗാന്‍ 159 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇതിനു അവരെ സഹായിച്ചത് ഓപ്പണറും വിക്കറ്റ് കീപ്പറുമായ റഹ്മാനുള്ള ഗുര്‍ബാസാണ്.
56 ബോളില്‍ താരം 80 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ചു വീതം ഫോറും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 44 റണ്‍സെടുത്ത ഓപ്പണര്‍ ഇബ്രാഹിം സദ്രാനാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

ന്യൂസിലാന്‍ഡിനായി ട്രെന്റ് ബോള്‍ട്ടും മാറ്റ് ഹെന്‍ട്രിയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. എന്നാല്‍ ഈ ലക്ഷ്യം ന്യൂസിലാന്‍ഡിനു സ്വപ്‌നം കാണാവുന്നതിലും അപ്പുറമായിരുന്നു. ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ വിക്കറ്റ് വീഴ്ചയോടെ തുടങ്ങിയ ന്യൂസിലാന്‍ഡ് ഒരിക്കല്‍പ്പോലും ചിത്രത്തിലുണ്ടായിരുന്നില്ല. അഫ്ഗാന്റെ ബൗളിങ് ആക്രമണത്തില്‍ കടപുഴകിയ അവര്‍ 15.2 ഓവറില്‍ വെറും 75 റണ്‍സിനു കൂടാരം കയറി.



18 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സ്, 12 റണ്‍സ് നേടിയ മാറ്റ് ഹെന്‍ട്രി എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ കിവി നിരയില്‍ ഒരാള്‍ക്കു പോലും രണ്ടക്കം തികയ്ക്കാനായില്ല. ഒരേയൊരു സിക്‌സര്‍ മാത്രമേ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ.
നാലു വിക്കറ്റുകള്‍ വീതമെടുത്ത നായകനും സൂപ്പര്‍ സ്പിന്നറുമായ റാഷിദ് ഖാനും ഫസല്‍ഹഖ് ഫാറൂഖിയും ചേര്‍ന്നാണ് ന്യൂസിലാന്‍ഡിന്റെ കഥ കഴിച്ചത്. വമ്പൻ ടീമുകൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകുകയാണ് കുഞ്ഞൻ ടീമുകൾ.